Untitled design - 1

TOPICS COVERED

പ്രശസ്ത പഞ്ചാബി ഗായകന്‍ ഹര്‍മന്‍ സിദ്ധു വാഹനാപകടത്തില്‍ മരിച്ചു. പഞ്ചാബിലെ മന്‍സ ജില്ലയില്‍വെച്ചായിരുന്നു അപകടം . സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെ 37കാരനായ ഹര്‍മന്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കിലിടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ ഹര്‍മന്‍റെ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഗായകന് സംഭവസ്ഥലത്ത് തന്നെ ജീവന്‍ നഷ്ടമായി.

ഏറെ വർഷങ്ങളായി പഞ്ചാബി സംഗീത മേഖലയിൽ സജീവമായിരുന്ന ഹർമൻ സിദ്ധു, ഗായിക മിസ് പൂജയോടൊപ്പം ചേർന്ന് ആലപിച്ച 'പേപ്പർ യാ പ്യാർ' എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധേയനായത്.  പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങളുടെ ഭാഗമാകാനും വേദികളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും അദ്ദേഹത്തിന് സാധിച്ചു. പാട്ടും ലാളിത്യവും കാരണം പ്രാദേശിക തലത്തിൽ വലിയൊരു ആരാധകവൃന്ദത്തെ നേടാൻ ഹർമന് കഴിഞ്ഞിരുന്നു. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും അദ്ദേഹത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്. ഹർമൻ സിദ്ധു മ്യൂസിക് എന്ന പേരിൽ 13.1K സബ്‌സ്‌ക്രൈബർമാരുള്ള ഒരു യൂട്യൂബ് ചാനലും ഗായകനുണ്ട്.   'കോയി ചക്കർ നയി', 'ബേബേ ബാപ്പു', 'ബബ്ബർ ഷേർ', 'മുൾട്ടാൻ വേഴ്സസ് റഷ്യ' എന്നിവ അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ഗാനങ്ങളാണ്.അടുത്ത മാസങ്ങളിൽ പുറത്തിറങ്ങാനിരുന്ന രണ്ട് പുതിയ ഗാനങ്ങളുടെ ചിത്രീകരണം അദ്ദേഹം അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.

ഭാര്യയും ഒരു ചെറിയ മകളുമടങ്ങുന്ന കുടുംബമായിരുന്നു ഹര്‍മന്‍റേത്. ഏകദേശം ഒരു വർഷം മുമ്പ് അദ്ദേഹത്തിന്‍റെ പിതാവും മരണപ്പെട്ടിരുന്നു. ഹർമൻ സിദ്ദുവിന്‍റെ അകാല വിയോഗത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരും സംഗീത മേഖലയിലെ സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. 

ENGLISH SUMMARY:

Harman Sidhu, a popular Punjabi singer, died in a road accident in Mansa, Punjab. The 37-year-old singer's car collided with a truck while returning to his village, resulting in his immediate death.