അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും കയ്യടികളും വിമര്‍ശനങ്ങളും വാരിക്കോരി കൊടുക്കുന്ന ഇടമാണ് സോഷ്യല്‍മീഡിയ. സിനിമാതാരങ്ങളുടെയും പ്രമുഖരുടെയും അഭിപ്രായ പ്രകടനങ്ങളാണെങ്കില്‍ സാമൂഹ്യമാധ്യമങ്ങളില്‍ അതിന് മാറ്റ് കൂടും. അത്തരത്തില്‍ വലിയ ശ്രദ്ധ നേടുന്ന രണ്ട് പേരാണ് ദേവനന്ദയും മീനാക്ഷിയും. മാളികപ്പുറം എന്ന സിനിമയിലൂടെ പ്രശസ്തയായ ബാലതാരമാണ് ദേവനന്ദ. ഒപ്പം, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങളിലൂടെയാണ് മീനാക്ഷി പ്രേക്ഷക ശ്രദ്ധ നേടുന്നത്.
എന്നാല്‍ കുറച്ച് കാലങ്ങളാണ് ദേവനന്ദ വിമര്‍ശിപ്പിക്കപ്പെടുന്നതും മീനാക്ഷി പ്രശംസിക്കപ്പെടുന്നതും ഒരേ കാര്യത്തിന്‍റെ പേരിലാണ്. ഇരുവരുടെയും പക്വതയുടെയും നിലപാടിന്‍റെയും കാര്യത്തില്‍. ഇത്തരം ഇരട്ടത്താപ്പിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് കുറിപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുമുണ്ട്. ദേവനന്ദയുടെ വിഡിയോയ്ക്ക് കീഴില്‍ 'ഇവൾ എന്തിനാണ് ചെറിയ വായിൽ വലിയ വർത്താനം പറയുന്നത്, ഇത്ര ചെറുപ്പത്തിൽ തന്നെ വാർദ്ധക്യം ബാധിച്ചോ, ഇവർ ശരിക്കും അമ്മായിയായി' എന്ന കമന്‍റുകളാണ് വരുന്നതെന്നും അതേ സമയം മീനാക്ഷി എന്തെങ്കിലും പറയുമ്പോൾ അതിനു താഴെ അഭിനന്ദന കമൻറുകളാണെന്നും പോസ്റ്റില്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
എനിക്ക് കുറെ നാളായുള്ള ഒരു സംശയമാണ്.. ദേവനന്ദ എന്തെങ്കിലും ഒരു കാര്യം സംസാരിക്കുന്ന ഒരു വീഡിയോ കണ്ടാൽ അതിന് താഴെ വരുന്ന കമന്റുകൾ ആയിരിക്കും - ഇവൾ എന്തിനാണ് ചെറിയ വായിൽ വലിയ വർത്താനം പറയുന്നത്, ഇത്ര ചെറുപ്പത്തിൽ തന്നെ വാർദ്ധക്യം ബാധിച്ചോ, ഇവർ ശരിക്കും അമ്മായിയായി എന്നൊക്കെ.
എന്നാൽ അതേ സമയം മീനാക്ഷി എന്തെങ്കിലും ഒരു കാര്യം പറയുമ്പോൾ അതിനു താഴെ നിരവധി അഭിനന്ദന കമൻറുകൾ ആണ്. ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്രയും പക്വത വന്നത് അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ് എന്നും മറ്റുള്ള പെൺകുട്ടികൾ ഈ കുട്ടിയെ കണ്ടു പഠിക്കണം എന്നും ഒക്കെയാണ് കമൻറുകൾ.
ഇതെന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പ് കാണിക്കുന്നത്? രണ്ടുപേരും കുട്ടികളാണ് എന്ന് പറയാമെങ്കിലും ദേവ നല്ല വളരെ ചെറിയ കുട്ടിയാണ്. മീനാക്ഷിക്ക് ഏകദേശം 19 വയസ്സ് ഉണ്ട്. ഒരു കണക്കിന് പറഞ്ഞാൽ യുവതിയാണ്, കുട്ടിയല്ല. ദേവനന്ദയുടെ പ്രായത്തിൽ മീനാക്ഷി ഫ്ലവേഴ്സ് ചാനലിൽ പ്രോഗ്രാം അവതാരിക ആയിരുന്നു. മറ്റെല്ലാ അവതാരികമാരെ പോലെയും കൊഞ്ചിക്കൊഞ്ചി ഉള്ള വർത്തമാനം തന്നെയായിരുന്നു അന്ന്. അതൊക്കെ വെച്ച് നോക്കുമ്പോൾ ദേവനന്ദ അന്നത്തെ മീനാക്ഷിയെക്കാൾ എത്രയോ പക്വത ഉള്ള കുട്ടിയാണ്. പക്ഷേ എന്നിട്ടും പരിഹാസങ്ങൾ മാത്രം.