ഇത്തവണത്തെ ക്രിസ്മസ് 'സര്‍വ്വം മായ' ആയിരിക്കും. മലയാളികളുടെ പ്രിയപ്പെട്ട നായകന്‍ നിവിൻ പോളിയും സംവിധായകന്‍ അഖില്‍ സത്യനും ഒന്നിക്കുന്ന ഫാന്‍റസി ഹൊറർ കോമഡി ചിത്രമായ 'സർവ്വം മായ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 25ന് ചിത്രം തിയറ്ററുകളിലെത്തും.
നിവിൻ പോളി-അജു വർഗീസ് കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതക്കൂടി ഈ ചിത്രത്തിനുണ്ട്. ‘സർവ്വം മായ’യുടെ ഒഫീഷ്യൽ ടീസർ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. നിവിൻ പോളി, ജനാർദനന്‍, അജു വർഗീസ് എന്നിവരാണ് പോസ്റ്ററിലുള്ളത്.
നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രമാണിത്. ഈ ഹിറ്റ് കോമ്പിനേഷന്‍ തിയേറ്ററുകളില്‍ പൊട്ടിച്ചിരി നിറയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
നിവിൻ പോളിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ചിത്രത്തിന്‍റെ ടീസർ പുറത്തിറക്കിയത്. പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച രൂപത്തിലാണ് നിവിൻ പോളിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന സൂചനയും ടീസർ നൽകുന്നു. ഗൗരവമുള്ള ഭാവത്തിൽ നിന്നും ചന്ദനക്കുറിയണിഞ്ഞ നിഷ്‌കളങ്കനായ ഗ്രാമീണനിലേക്കുള്ള നിവിന്‍റെ വേഷപ്പകർച്ചയാണ് ടീസറിലുള്ളത്. ഗ്രാമീണ പശ്ചാത്തലത്തിൽ, സംഗീതത്തിന് ഏറെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ഫാന്‍റസി കോമഡി ചിത്രം ഒരു ദൃശ്യവിസ്മയമായിരിക്കുമെന്നാണ് അണിയറപ്രവർത്തകര്‍ അവകാശപ്പെടുന്നത്.
നിവിൻ പോളി-അജു വർഗീസ് കോമ്പോക്കൊപ്പം മലയാളത്തിന്‍റെ പ്രിയതാരങ്ങളായ ജനാർദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഫയർ ഫ്‌ളൈ ഫിലിംസിന്‍റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ പ്രഭാകരന്‍റെ ഈണങ്ങളൊരുക്കിയിരിക്കുന്നത്. ക്യാമറ ശരണ്‍ വേലായുധനും. അഖിൽ സത്യൻ തന്നെയാണ് ചിത്രസംയോജനം നിര്‍വഹിച്ചിട്ടുള്ളത്.