ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ അംഗീകാരങ്ങള്‍ പിടിച്ചുപറ്റി മലയാളിയായ പി.കെ.രാജേഷിന്‍റെ ‘ബ്ലൂസ്’ എന്ന അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം. ബെലറൂസിൽ നടന്ന മിൻസ്ക് ഇന്റർനാഷനൽ ഫിലിംഫെസ്റ്റിവലില്‍, 'ലിസ്റ്റിപാഡ്'ൽ 'ഫോർ ഫെയ്ത് ഇൻ ബ്രൈറ്റ് ഫ്യൂച്ചർ' അവാർഡ് നേടി തിളങ്ങി നില്‍ക്കുന്ന ബ്ലൂസ് ഇതിനകം മറ്റനേകം പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. നിരവധി രാജ്യാന്തര മേളകളിലേക്ക് ഒഫീഷ്യൽ സിലക്‌ഷനും വിവിധ മേളകളില്‍ പ്രത്യേക ജൂറി പരാമർശവും ബ്ലൂസിന് ലഭിച്ചു.
രാജ്യാന്തര അനിമേഷൻ സ്റ്റുഡിയോ ആയ ഡ്രീംവർക്സിലെ ജോലി ഉപേക്ഷിച്ചാണ് രാജേഷ് സ്വന്തം നാടായ കണ്ണൂരില്‍ തിരികെ എത്തുന്നത്. കാരണം ഒന്നുമാത്രം, സ്വന്തം സിനിമ! അതും സ്വന്തം നാട്ടില്‍ നിന്നുതന്നെ. പ്രൊഫഷന്‍ ആനിമേഷന്‍ ആയതുകൊണ്ടു തന്നെ ഒരു ആനിമേറ്റഡ് ഫിലിമായിരുന്നു മനസില്‍. ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങി, ലൊസാഞ്ചലസിലേക്കും ലണ്ടനിലേക്കും വരെ ചുവടുമാറ്റിയ രാജേഷിന് മുന്നില്‍ ‘പ്രകൃതിനശീകരണം’ വിഷയമായി മാറി. അഞ്ച് വര്‍ഷം, അങ്ങനെ 7 മിനിറ്റ് നീളുന്ന ഒരു ‘ബ്ലൂസ്’ ഒരുങ്ങി.
സമയവും പണവും ഏറെ ആവശ്യമായിരുന്നു. പക്ഷേ ഷോർട്ഫിലിമിൽ പണം മുടക്കാൻ ആരും തയ്യാറായില്ല. അങ്ങനെ സ്വന്തം സ്റ്റുഡിയോ എന്ന ആശയം ഉദിച്ചു. രാജേഷിനൊപ്പം ഷിബിൻ, ജാസർ, ജിത്ത് എന്നീ സുഹൃത്തുക്കൾ കൂടി ചേർന്നപ്പോള്‍ തളാപ്പിൽ ‘റെഡ്ഗോഡ്’ സ്റ്റുഡിയോ വന്നു. സ്വപ്നങ്ങള്‍ക്ക് കൂട്ടായി ഭാര്യ അപർണയും മക്കൾ റയാനും ആരാധ്യയും ഉണ്ടായിരുന്നു. പണം കണ്ടെത്താൻ ഫ്രീലാൻസ് വർക്കുകൾ ധാരാളം ചെയ്തു. പ്രോജക്ട് ഇഷ്ടപ്പെട്ട സുഷിൻ ശ്യാം പ്രതിഫലം പോലും വാങ്ങാതെ മ്യൂസിക് ഒരുക്കി.
നടൻ നിവിൻ പോളിയാണ് ചിത്രം അവതരിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ചിത്രം ഫിലിം ഫെസ്റ്റിവലുകളിലെത്തി. നിരവധി ഹോളിവുഡ് സിനിമകളിൽ അനിമേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട് രാജേഷ്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പ്രസന്റ്സ്: ഹോബ്സ് ആൻഡ് ഷോ, വെനം, അൺടൈറ്റിൽഡ്, ട്രോൾസ്, പെൻഗ്വിൻ ഓഫ് മഡഗാസ്കർ, ദ ക്രൂഡ്സ്, മഡഗാസ്കർ 3, മാഡ്‌ലി മഡഗാസ്കർ എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. സ്വപ്നം എന്താണെന്ന് ചോദിച്ചാല്‍ ഓസ്കര്‍ ആണെന്ന് രാജേഷ് പറയുന്നു. ഒപ്പം സ്വന്തം നാട്ടിൽ തന്നെ ഒരു വേൾഡ് ക്ലാസ് സ്റ്റുഡിയോയും.