നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നും മകള്‍ തടഞ്ഞതിന്‍റെ അനുഭവം പങ്കുവച്ച് എഴുത്തുകാരനും നടനുമായ വി.കെ.ശ്രീരാമന്‍. കുന്നംകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുന്നു എന്ന കിംവദന്തി പണ്ടൊരിക്കല്‍ പരന്നതോടെയാണ് മകള്‍ തന്നോട് വന്ന് സംസാരിച്ചതെന്ന് ശ്രീരാമന്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. താന്‍ മല്‍സരിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് നിന്ന് കേട്ട മകള്‍ അക്കാര്യം തന്നോട് ചോദിച്ചു. തീരുമാനമായിട്ടില്ലെന്ന് താന്‍ പറഞ്ഞതോടെ എന്നാല്‍ മല്‍സരിക്കുന്നില്ല എന്ന് സ്വയം അങ്ങ് തീരുമാനിക്കൂവെന്നായിരുന്നു മകളുടെ മറുപടിയെന്നാണ് ശ്രീരാമന്‍ സരസമായി വിവരിക്കുന്നത്. അച്ഛന്‍ മല്‍സരിക്കാതിരിക്കുന്നതാണ് പാര്‍ട്ടിക്ക് നല്ലതെന്ന മകളുടെ ദീര്‍ഘവീക്ഷണം ശരിയാണെന്ന് തനിക്കും തോന്നിയെന്നും അങ്ങനെ പിന്‍മാറിയെന്നുമാണ് കുറിപ്പില്‍ അദ്ദേഹം പറയുന്നത്. അഞ്ചുകൊല്ലം കൊണ്ട് അച്ഛന്‍ നാട്ടുകാരെ വെറുപ്പിക്കുമെന്നും അങ്ങെന അച്ഛനെ സ്ഥാര്‍ഥിയാക്കിയ പാര്‍ട്ടിയെ ജനം വെറുക്കുമെന്നുമായിരുന്നു മകളുടെ പക്ഷം.
കുറിപ്പിന്‍റെ പൂര്‍ണരൂപം: പണ്ട് ഒരു അസംബ്ലി തിരഞ്ഞെടുപ്പു കാലത്ത് കുന്നംകുളത്ത് എന്നെ എല്‍ഡിഎഫ് സ്ഥാനാർഥി ആക്കുന്നു എന്ന ഒരു കിംവദന്തി പലയിടത്തും ഞാന്നു കിടക്കുന്നതുകണ്ട് മകൾ ചോദിച്ചു. "അച്ഛൻ തിരഞ്ഞെടുപ്പിനു നിൽക്കുന്നുണ്ടോ?"
"എന്തേ?"
ഞാൻ ചോദിച്ചു.
" അല്ല പലോരും പറേണ് ണ്ട്. "
" എന്താ വേണ്ടത് എന്ന് തീരുമാനിച്ചിട്ടില്ല" ഞാൻ അല്പം ഗൗരവമായി പറഞ്ഞു.
"എന്നാ ഞാൻ പറയാം. നിൽക്കുന്നില്ല എന്ന് സ്വയമങ്ങ് തീരുമാനിക്കണം"
" കാരണം ?"
"കാരണം എന്താച്ചാൽ കുന്നങ്കുളല്ലേ പാർട്ടി ആരെനിർത്തിയാലും ചെലപ്പോ ജയിച്ചൂന്ന് വരും. അങ്ങനെ അച്ഛനും ഒരു പക്ഷെ, ജയിക്കും. 5 കൊല്ലം കൊണ്ട് അച്ഛൻ നാട്ടുകാരെ മുഴുവൻ വെറുപ്പിക്കും. അങ്ങനെ ഇയാളെ നിർത്തിയ ആ പാർട്ടിയെ ജനം വെറുക്കും. ആ ക്ഷീണത്തിൽ നിന്ന് കരകയറാൻ പാർട്ടി വിഷമിക്കും. അതോണ്ട് അച്ഛൻ നിക്കാതിരിക്കാ പാർട്ടിക്കു നല്ലത്, ജനങ്ങൾക്കും" അവൾ പറഞ്ഞു. അത് ശരിയാണെന്ന് എനിക്കും തോന്നി. അങ്ങനെ ഞാൻ പിന്മാറുകയാണുണ്ടായത്. പാർട്ടിക്കും ജനങ്ങൾക്കും ദോഷം വരുന്ന കാര്യങ്ങൾ നമ്മൾ ചെയ്യരുതല്ലോ?.