Image Credit: facebook/lakshmimanchuofficial
പൊതുസ്ഥലത്ത് പ്രത്യേകിച്ചും തിരക്കേറിയ ഇടങ്ങളില്‍ വച്ച് ലൈംഗികാതിക്രമം ഉണ്ടാകുന്നതായി പലപ്പോഴും ആളുകള്‍ പ്രത്യേകിച്ചും സ്ത്രീകള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്താണ് ഇത്തരം അതിക്രമങ്ങള്‍ കൂടുതലായും അനുഭവിക്കേണ്ടി വരികയെന്നതും അങ്ങേയറ്റം സങ്കടകരമായ വസ്തുതയാണ്. സമാനമായ അനുഭവം വെളിപ്പെടുത്തുകയാണ് പ്രമുഖ നടി ലക്ഷ്മി മന്‍ചു. തെലുഗു സൂപ്പര്‍താരം മോഹന്‍ ബാബുവിന്‍റെ മകളാണ് ലക്ഷ്മി. കൗമാര കാലത്ത് തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ചാണ് അവര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ലക്ഷ്മി പറയുന്നു. സൂപ്പര്‍താരത്തിന്‍റെ മകളായിരുന്നതിനാല്‍ തന്നെ സ്കൂളിലേക്ക് പോകാന്‍ പ്രത്യേക വണ്ടിയും ഡ്രൈവറും ഒരു ബോഡി ഗാര്‍ഡും സദാ ഉണ്ടായിരുന്നു. അമ്മയും തന്നെ സ്കൂളിലേക്ക് ആക്കുന്നതിനായി പതിവായി വന്നിരുന്നുവെന്നും ലക്ഷ്മി ഓര്‍ത്തെടുത്തു.
എന്നാല്‍ ഹാള്‍ ടിക്കറ്റ് വാങ്ങുന്നതിനായി ഒരു ദിവസം സ്കൂളില്‍ നിന്ന് ക്ലാസിലെ എല്ലാവരെയും അധ്യാപകര്‍ ഒരു ബസില്‍ കയറ്റി സെന്‍ററിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആ യാത്രയ്ക്കിടെ ഒരാള്‍ തന്നെ മോശമായി തൊട്ടുവെന്നും വല്ലാത്ത ബുദ്ധിമുട്ടും പേടിയും തോന്നിയെന്നും ലക്ഷ്മി പറയുന്നു. ഭയന്ന് വിറച്ചു പോയ താന്‍ സുഹൃത്തുക്കളോട് വിവരം പറഞ്ഞുവെന്നും അപ്പോള്‍ അവരും, തങ്ങള്‍ക്ക് നേരെയും അതിക്രമം ഉണ്ടായെന്ന് വെളിപ്പെടുത്തിയെന്നും താരം പറഞ്ഞു. എല്ലാവരും ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അതില്‍ സൂപ്പര്‍താരത്തിന്‍റെ മകള്‍ക്ക് പ്രത്യേക പരിഗണന ഇല്ലെന്നും അക്രമികള്‍ സദാ ചുറ്റിലുമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇത്തരം ദുരനുഭവം ഉണ്ടായതായി ബസില്‍ വച്ച് തന്നെ ഒരു കുട്ടി പറഞ്ഞാല്‍ കുട്ടി നുണ പറയുകയാണെന്ന് മാത്രമേ ആളുകള്‍ കരുതുകയുള്ളൂ. വനിതാ കമ്മിഷന് മുന്നിലെത്തിയ മീ ടൂ പരാതികള്‍ വായിച്ച് താന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും ലക്ഷ്മി വെളിപ്പെടുത്തി. അനാവശ്യ വിവാദങ്ങളിലേക്ക് താരങ്ങളെയും സ്ത്രീകളെയുമെല്ലാം വലിച്ചിഴയ്ക്കുന്ന പ്രവണത കൂടി വരികയാണെന്നും ലക്ഷ്മി വിശദീകരിച്ചു.