ഹാൽ സിനിമയിൽ രണ്ടു മാറ്റങ്ങൾ വരുത്തി സെൻസർ ബോർഡിന് സമർപ്പിക്കാമെന്ന് ഹൈക്കോടതി. രണ്ടുദിവസത്തിനുള്ളിൽ മാറ്റങ്ങൾ വരുത്തി സിനിമ സെൻസർ ബോർഡിന് സമർപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
16 മാറ്റങ്ങൾ സിനിമയിൽ വേണമെന്നായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം. മാറ്റങ്ങൾ വരുത്തിയാലും എ സർട്ടിഫിക്കറ്റ് മാത്രമേ നൽകൂ എന്നും സെൻസർ ബോർഡ് അറിയിച്ചിരുന്നു. ഇക്കാര്യം അംഗീകരിക്കാതിരുന്ന ഹൈക്കോടതി രണ്ടു മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതിയെന്ന് ഉത്തരവിട്ടു. സിനിമയിലെ കോടതി രംഗത്തിൽ മതപരിവർത്തനത്തിൻ്റെ കണക്ക് പറയുന്ന ഭാഗം ഒഴിവാക്കണം. ഈ കണക്കിന് ആധികാരികത ഇല്ല എന്നതാണ് കാരണം. ധ്വജപ്രണാമം എന്ന വാചകവും ഒഴിവാക്കണം. ഈ മാറ്റങ്ങൾ വരുത്തി സെൻസർ ബോർഡിന് സിനിമ സമർപ്പിക്കാം. അപേക്ഷ ലഭിച്ചാൽ ഉടൻ രണ്ടാഴ്ചക്കുള്ളിൽ സെൻസർ ബോർഡ് തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് വി.ജി.അരുൺ ഉത്തരവിട്ടു. അനുകൂല ഉത്തവാണ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായതെന്ന് അണിയറ പ്രവർത്തകർ പ്രതികരിച്ചു
ബീഫ് ബിരിയാണി കഴിക്കുന്ന രംഗമടക്കം മാറ്റണമെന്നായിരുന്നു സെൻസർ ബോർഡിൻ്റെ നിർദേശം. സിനിമയിലെ രംഗങ്ങളും സംഭാഷണങ്ങളും മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും സെൻസർ ബോർഡ് കോടതിയിൽ വാദിച്ചിരുന്നു. ഹർജിക്കാരുടെ ആവശ്യപ്രകാരം ജസ്റ്റിസ് വി.ജി.അരുൺ സിനിമ കണ്ടിരുന്നു. ഇതിനുശേഷമാണ് ഹർജിയിൽ വിശദമായ വാദം കേട്ടത്. സെൻസർ ബോർഡ് തീരുമാനത്തെ പിന്തുണച്ച് കത്തോലിക്ക കോൺഗ്രസും, കൊച്ചിയിൽ നിന്നുള്ള ആർഎസ്എസ് പ്രവർത്തകനും ഹർജിയിൽ കക്ഷി ചേർന്നിരുന്നു