ബോളിവുഡ് സൂപ്പർ താരം ഗോവിന്ദയെ ജുഹുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി വീട്ടിൽ ബോധരഹിതനായതിനെ തുടർന്നാണ് 61കാരനായ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. ആശുപത്രിയിൽ വിവിധ പരിശോധനകൾ പൂർത്തിയാക്കിയതായി നടന്റെ സുഹൃത്തും നിയമോപദേഷ്ടാവുമായ ലളിത് ബിൻഡാൽ മാധ്യമങ്ങളെ അറിയിച്ചു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശപ്രകാരം ഗോവിന്ദയ്ക്ക് ആവശ്യമായ മരുന്നുകൾ നൽകിയിരുന്നുവെന്നാണ് വിവരം. ഒട്ടേറെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ടുകൾക്കായി കുടുംബം കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി ഗോവിന്ദയുടെ കാലിന് പരിക്കേറ്റിരുന്നു. ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വെടിയുണ്ട പുറത്തെടുത്തത്.