പ്രശസ്ത ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂണിന്‍റെ 'അവതാർ' സിരീസിലെ പുതിയ ചിത്രമായ 'അവതാർ: ഫയർ ആൻഡ് ആഷ്'  എന്ന സിനിമയിൽ ബോളിവുഡ് താരം ഗോവിന്ദ അതിഥി വേഷത്തിലുണ്ടോ?. സിനിമാപ്രേഷകര്‍ക്കിടയില്‍ കുറച്ചുദിവസങ്ങളായി പ്രചരിക്കുന്ന ചോദ്യമാണിത്. ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കി ഗോവിന്ദയുടെ കഥാപാത്രത്തിന്‍റേതെന്ന് തോന്നിപ്പിക്കുന്ന ചില വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.തിയേറ്ററുകളില്‍ നിന്നുമുള്ള വിഡിയോകള്‍ കൂടെ പ്രചരിച്ചതോടെ വാര്‍ത്തയെ എതിര്‍ത്തവരും അങ്കലാപ്പിലായി.  ഇതിന് പിന്നാലെ 'ഫുൾ മൂവി എവിടെ ലഭിക്കും?' എന്ന ചോദ്യവുമായി ഒട്ടേറെപ്പേരാണ് ഗൂഗിളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തിരച്ചിൽ നടത്തിയത്.

വർഷങ്ങൾക്ക് മുമ്പ് മുകേഷ് ഖന്നയുമായുള്ള ഒരു അഭിമുഖത്തിൽ, ജെയിംസ് കാമറൂൺ തനിക്ക് 'അവതാർ' സിനിമയിൽ വേഷം വാഗ്ദാനം ചെയ്തിരുന്നുവെന്നും 21.5 കോടി നല്‍കാമെന്ന് പറഞ്ഞിട്ടും താൻ അത് നിരസിച്ചുവെന്നും ഗോവിന്ദ വെളിപ്പെടുത്തിയിരുന്നു. അന്ന് പലരും ഈ പ്രസ്താവനയെ തമാശയായിട്ടാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവന്ന വീഡിയോകൾ പഴയ ആ വെളിപ്പെടുത്തലുകൾ സത്യമായിരുന്നുവോ എന്ന ചർച്ചകൾക്ക് വീണ്ടും ജീവൻ വെപ്പിച്ചു. 'അവതാർ' ലോകത്തെ നീല മനുഷ്യർക്കൊപ്പം ഗോവിന്ദ നിൽക്കുന്ന ദൃശ്യങ്ങൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. 

 ദൃശ്യങ്ങളുടെ ആധികാരികതയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എഐ ഉപയോഗിച്ച് ആരാധകർ നിർമ്മിച്ച ഫാൻ-മെയ്ഡ് വീഡിയോകളാകാം ഇവയെന്നും സൂചനയുണ്ട്. പാൻഡോറയിലെ നാവി വേഷത്തിലുള്ള ഗോവിന്ദയെ സൃഷ്ടിച്ചത് എഐ ആണെന്ന് ഒറ്റനോട്ടത്തിൽ മനസിലാകുകയുമില്ല.  ഗോവിന്ദയെപ്പോലൊരു താരം ലോകപ്രശസ്തമായ ഈ സയൻസ് ഫിക്ഷൻ സിനിമയുടെ ഭാഗമാകുന്നത് കാണാൻ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. 

ENGLISH SUMMARY:

Avatar rumors suggest Bollywood actor Govinda might be in 'Avatar: Fire and Ash'. The authenticity of the visuals remains unconfirmed, fueling speculation among fans.