തമിഴ് നടന്‍ അജിത് കുമാറിന്‍റെ വീടിനു നേരെ ബോംബ് ഭീഷണി. ചൊവ്വാഴ്ചയാണ് സംഭവം. ബോബ് ഭീഷണി മുഴക്കിയത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല, വിശദമായ പരിശോധനയ്ക്കൊടുവില്‍ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഡിജിപിയുടെ ഓഫീസിലേക്ക് ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. അജിത്തിനെ കൂടാതെ രമ്യ കൃഷ്ണൻ, എസ്. വീ. ശേഖർ തുടങ്ങിയ സിനിമാ താരങ്ങളുടെ വീടുകളിലും ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
വിവരം ലഭിച്ചയുടൻ പൊലീസ് നടപടികള്‍ ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ അജിത്തിന്‍റെ തിരുവാൻമിയൂരിലെ വസതിയിൽ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുമെത്തി. വസതിയിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു. തിരച്ചില്‍ മണിക്കൂറുകളോളം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍. രമ്യ കൃഷ്ണന്‍റെയും ശേഖറിന്‍റെയും വീട്ടിലും പരിശോധനകള്‍ നടത്തി. എല്ലാ ഭീഷണികളും വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സമീപകാലങ്ങളിലായി തമിഴ്നാട് പൊലീസിന് ലഭിക്കുന്ന ഇത്തരം വ്യാജ ഭീഷണികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.
ഒക്ടോബർ 21 ന് നടി സാക്ഷി അഗര്‍വാളിന്‍റെ വീടിനു നേരെയും ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഭീഷണി ലഭിച്ചതിനു പിന്നാലെ തമിഴ്‌നാട് പൊലീസ് പെട്ടെന്നു തന്നെ നടപടികളാരംഭിക്കുകയും ഭീഷണി വ്യാജമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പൊലീസിന്‍റെ അതിവേഗത്തിലുള്ള പ്രതികരണത്തിന് നന്ദി പറഞ്ഞ് സാക്ഷി രംഗത്തെത്തുകയും ചെയ്തികുന്നു. നടന്‍ അരുണ്‍ വിജയ്‌യുടെ വീടിനു നേരെയും ഭീഷണി ലഭിച്ചിരുന്നു. ഒക്ടോബറിൽ സംഗീതസംവിധായകൻ ഇളയരാജയുടെ ടി നഗർ സ്റ്റുഡിയോക്കുനേരെയും വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു.
അതിനുംമുന്‍പ് രജനികാന്ത്, ധനുഷ്, വിജയ്, തൃഷ, നയൻതാര എന്നിവർക്കും വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു. അഭിനേതാക്കളെ കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമി തുടങ്ങിയ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കും മുന്‍പ് സമാനമായ ഭീഷണികൾ ലഭിച്ചിരുന്നു. ഇവയെല്ലാം വ്യാജമാണെന്ന് പരിശോധനകളില്‍ തെളിയുകയും ചെയ്തിരുന്നു. വ്യക്തികളുടെ വസതികൾക്ക് നേരെ മാത്രമല്ല, ചെന്നൈയിലെ നിരവധി പ്രധാന സ്ഥലങ്ങളിലും ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്.