‘തുള്ളുവതോ ഇളമൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. കരൾ രോഗ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ചെന്നൈയിലാണ് അന്ത്യം.
‘തുള്ളുവതോ ഇളമൈ’ കൂടാതെ ‘സൊല്ല സൊല്ല ഇനിക്കും’, ‘പാലൈവാന സോലൈ’, ‘ജംക്ഷൻ’, ‘സിങ്കാര ചെന്നൈ’, ‘പൊൻ മേഘലൈ’, ‘തുപ്പാക്കി’, ‘അൻജാൻ’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയ് അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്‍റെ ആദ്യ ചിത്രമായ ‘കൈ എത്തും ദൂരത്തി’ൽ കിഷോർ എന്ന കഥാപാത്രമായി അഭിനയ് മലയാള സിനിമയിലും എത്തിയിരുന്നു.
ദേശീയ പുരസ്കാരം നേടിയ ഉത്തരായനം അടക്കം ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മലയാളി നടി രാധാമണിയുടെ മകനാണ്. അസുഖത്തെ തുടർന്ന് അവസാന കാലത്ത് നടന്‍റെ സാമ്പത്തിക നില പാടെ തകർന്നിരുന്നു. ധനുഷ് ഉൾപ്പെടെവര്‍ അഭിനയ് കിങ്ങിറിന് സഹായവുമായി എത്തിയിരുന്നു. തുപ്പാക്കി, അഞ്ജാൻ എന്നീ ചിത്രങ്ങളിൽ വിദ്യുത് ജംവാലിന് ശബ്ദം നൽകിയത് അഭിനയ് ആയിരുന്നു. കുറച്ച് വർഷങ്ങളായി സിനിമയിൽ സജീവമായിരുന്നില്ല.