മലയാളികളുടെ എക്കാലത്തെയും പ്രിയതാരം ശാന്തികൃഷ്ണ ആദ്യമായി മഴവിൽ മനോരമയുടെ ഭാഗമാകുന്നു. ശാന്തികൃഷ്ണയെ കേന്ദ്രകഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പുതിയ പരമ്പര, ‘ഒത്തിരി ഒത്തിരി സ്വപ്നങ്ങള്‍’ നവംബര്‍ 10ന് സംപ്രേഷണം തുടങ്ങും. മലയാളികളുടെ സ്വന്തം കുടുംബാംഗമായ ശാന്തികൃഷ്ണയ്ക്കൊപ്പം പുതുതലമുറയിലെ നിരവധി യുവ അഭിനേതാക്കളും ഇതില്‍ അണിനിരക്കുന്നു.തിങ്കൾ മുതൽ ശനി വരെ രാത്രി ഏഴുമണിക്കാണം സംപ്രേഷണം.
സൗഹൃദത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥയാണ് ഈ പരമ്പര. മെട്രോ നഗരമായ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. ജീവിത പ്രതിസന്ധികളോട് പൊരുതുന്ന നാല് പെൺകുട്ടികളുടെ സൗഹൃദവും അതിജീവനവുമാണ് പ്രധാന പ്രമേയം. വയനാട് ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട വർഷ, ക്രൂരനായ രണ്ടാനച്ഛനിൽ നിന്നും രക്ഷപ്പെടാനാണ് കൊച്ചിയില്‍ എത്തുന്നത്. കൊച്ചിയിൽ എവിടെയോ ജീവിച്ചിരിക്കുന്ന യഥാർത്ഥ അച്ഛനെ കണ്ടുപിടിക്കുക എന്ന ലക്ഷ്യവും വർഷയ്ക്കുണ്ട്. മാധ്യമപ്രവർത്തകയായ ശിവനന്ദ, താത്കാലിക സർക്കാർ ജീവനക്കാരിയായ അഞ്ജു, വക്കീലായ അഭിരാമി എന്നിവരാണ് വർഷയെപ്പോലെ തന്നെ കടുത്ത ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് കൊച്ചിയിൽ ജീവിക്കുന്ന മറ്റു പെൺകുട്ടികൾ. ഒരു നിയോഗം പോലെ ഒത്തുചേരുന്ന ഈ നാലുപേർ, പുരുഷ വിരോധിയായ വസുന്ധരയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ താമസമാക്കുന്നു.
നാട്യപ്രധാനമായ നഗരം ഈ പെൺകുട്ടികൾക്ക് ഒരുപാട് പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നുണ്ടെങ്കിലും, നന്മയുടെ വെളിച്ചവും ഇടയ്ക്കിടെ കടന്നു വരുന്നുണ്ട്. നഗരത്തിൻ്റെ ആയിരം വർണ്ണങ്ങളും അതിമനോഹരമായ പ്രണയ നിമിഷങ്ങളും ചുണ്ടിൽ ചെറു ചിരി വിരിയിക്കുന്ന നർമ്മവും കൊണ്ട് സമ്പന്നമാണ് ഈ പരമ്പര.