നടി ഗൗരി കിഷന് പിന്തുണയുമായി സംവിധായകൻ മനു അശോകൻ. ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ആവശ്യമില്ല. അവയ്ക്ക് വേണ്ടത് ഒരു പ്രതികരണമാണ് എന്ന് തുടങ്ങുന്ന കുറിപ്പിലൂടെയാണ് മനു ഗൗരിയെ പിന്തുണച്ച് എത്തിയത്. ഈ സന്ദര്‍ഭം കണ്ടപ്പോള്‍ തന്റെ വരാനിരിക്കുന്ന ‘ഐസ്’ എന്ന വെബ് സീരീസിലെ ഒരു രംഗം ഓർമ വന്നതായും മനു പറയുന്നുണ്ട്. ബോഡി ഷെയ്മിങിനെതിരെ ശബ്ദമുയർത്തുന്ന ഒരു സ്ത്രീ കഥാപാത്രത്തെ തങ്ങൾ സീരീസിൽ വിഭാവനം ചെയ്തിരുന്നു എന്നും അത് ഓഫ്‌സ്‌ക്രീനിൽ സംഭവിച്ചിരിക്കുന്നു എന്നും മനു കൂട്ടിച്ചേർത്തു.
‘ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ആവശ്യമില്ല. അവയ്ക്ക് വേണ്ടത് ഒരു പ്രതികരണമാണ്. തന്റെ ശരീരത്തെക്കുറിച്ചുള്ള അനാവശ്യ ചോദ്യത്തോട് ഉറച്ചതും എന്നാൽ അന്തസുള്ളതുമായ പ്രതികരണം നൽകിയതിനും, മുറി നിറയെ പുരുഷ മാധ്യമപ്രവർത്തകർ പരിഹസിച്ചിട്ടും തന്റെ നിലപാടിൽ മാന്യമായി ഉറച്ചുനിന്നതിനും ഗൗരി കിഷന് അഭിനന്ദനങ്ങൾ' എന്നാണ് മനു അശോകൻ തന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചത്.
നടി ഗൗരി കിഷനെതിരായ അധിക്ഷേപത്തിൽ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് യുട്യൂബര്‍ ആര്‍.എസ് കാര്‍ത്തിക് രംഗത്തെത്തിയിരുന്നു. യഥാര്‍ഥ അര്‍ത്ഥം മനസിലായത് ഇപ്പോഴാണെന്നും തന്റെ മകനും തെറ്റ് ചൂണ്ടിക്കാട്ടി. ഗൗരിയെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ല. ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടെന്നും കാര്‍ത്തിക് വിശദീകരിച്ചു. മാപ്പ് പറയില്ലെന്നായിരുന്നു യൂട്യൂബറുടെ ആദ്യനിലപാട്.
കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും യൂട്യൂബര്‍ക്കെതിരെ വ്യാപകവിമര്‍ശനം ഉയര്‍ന്നിരുന്നു. അവില്ലായ്മയും ആൺ അധികാര പ്രവണതയും നിർഭാഗ്യകരം എന്നായിരുന്നു ഗൗരിയുടെ മറുപടി. ഗൗരിക്ക് എതിരായ ബോഡി ഷെയ്‌മിങ് ഷോക്കിങ് എന്നായിരുന്നു അമ്മ പ്രസിഡൻ്റ് ശ്വേത മേനോന്‍ മനോരമ ന്യൂസിനോട് പറഞ്ഞത്. ഒരു സ്ത്രീക്ക് നേരെ നേരിട്ടുള്ള ആക്രണം ആണ് ഉണ്ടായത് എന്നും സമൂഹം മുന്നോട്ടാണോ പിന്നോട്ട് ആണോ പോകുന്നതെന്നും ശ്വേത മേനോൻ ചോദിച്ചു. ഗൗരിയെ പിന്തുണച്ച് പാ രഞ്ജിത് അടക്കമുള്ള പ്രമുഖരും രംഗത്തെത്തിയിരുന്നു.