കന്നഡ സിനിമയിലെ മുതിർന്ന നടനും, യഷിന്റെ 'കെജിഎഫ്' സിനിമയിലെ വേഷത്തിലൂടെ പ്രശസ്തനുമായ ഹരീഷ് റായ് അന്തരിച്ചു. ഒരു വർഷത്തിലേറെയായി തൈറോയ്ഡ് കാൻസറുമായി പോരാടിയ ശേഷം 55-ാം വയസ്സിൽ ബെംഗളൂരുവിലെ കിദ്‌വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ വെച്ചാണ് അന്ത്യം. കീമോതെറാപ്പി അടക്കം വിദഗ്ധ ചികില്‍സകള്‍ നൽകിയിട്ടും രോഗം വയറിലേക്കും മറ്റ് അവയവങ്ങളിലേക്കും പടർന്നതാണ് മരണത്തിനിടയാക്കിയത്.
തന്‍റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ചികിത്സയുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ചും ഹരീഷ് റായ് അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ഒറ്റ ഇൻജക്ഷന് 3.55 ലക്ഷം രൂപ ചെലവ് വരുമെന്നും, 63 ദിവസത്തെ ഒരു സൈക്കിളിൽ അദ്ദേഹത്തിന് മൂന്ന് ഇൻജക്ഷനുകള്‍ വരെ എടുക്കേണ്ടതായി വന്നിരുന്നു.
കെജിഎഫ്' താരം യഷ് സഹായം നൽകിയതായി വന്ന റിപ്പോർട്ടുകളെക്കുറിച്ച് അദ്ദേഹം അടുത്തിടെ ഇങ്ങനെ പ്രതികരിച്ചിരുന്നു: "യഷ് എന്നെ മുമ്പ് സഹായിച്ചിട്ടുണ്ട്. ഓരോ തവണയും എനിക്ക് അവനോട് സഹായം ചോദിക്കാൻ കഴിയില്ല. ഒരാൾക്ക് എത്രത്തോളം ചെയ്യാൻ കഴിയും? അവനറിയാമെങ്കിൽ തീർച്ചയായും എന്നോടൊപ്പം നിൽക്കുമെന്ന് എനിക്കറിയാം' 'ടോക്സിക്' എന്ന സിനിമയുടെ തിരക്കിലാണെങ്കിലും ഒരു ഫോൺ കോളിന്‍റെ അകലത്തിൽ യാഷുണ്ടെന്നും റായ് പറഞ്ഞു. ഉപേന്ദ്ര സംവിധാനംചെയ്ത് ശിവരാജ്കുമാർ നായകനായ ഓം എന്ന ചിത്രമാണ് ഹരീഷിനെ പ്രശസ്തനാക്കിയത്.
'കെജിഎഫി'ന്റെ രണ്ട് ഭാഗങ്ങൾ കൂടാതെ, കന്നഡയിൽ 'ഓം', 'സമര', 'ബാംഗ്ലൂർ അണ്ടർവേൾഡ്', 'ജോഡിഹക്കി', 'രാജ് ബഹദൂർ', 'സഞ്ജു വെഡ്‌സ് ഗീത', 'സ്വയംവര', 'നല്ല' എന്നിങ്ങനെ നിരവധി സിനിമകളിലും തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും ഹരീഷ് റായ് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സിംഹരൂപിണിയാണ് അവസാന ചിത്രം.