pushpavathi-vedan

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ പലവിധ വിവാദങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഗായകന്‍ വേടന് അവാർഡ് നൽകിയതിനെതിരെയാണ് വലിയ വിമർശനം ഉയര്‍ന്നത്. വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ പീഡിപ്പിച്ച കേസിലും, ഗവേഷക വിദ്യാർഥിനിയെ അപമാനിച്ച കേസുകളിലും വേടൻ പ്രതിയാണ്. രണ്ടു വർഷം മുൻപ് ഹോമിന്റെ നിർമാതാവിനെതിരെ ലൈംഗിക പീഡന ആരോപണങ്ങളുടെ പേരിൽ ചിത്രത്തിലെ മികച്ച പ്രകടനങ്ങൾക്ക് ഇന്ദ്രൻസിനും മഞ്ജു പിള്ളയ്ക്കും സംസ്ഥാന പുരസ്‌കാരം നിഷേധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ചലചിത്ര പ്രവർത്തകർ വിമർശനം ഉന്നയിക്കുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള ഒരു സ്‌പെഷ്യൽ അവാർഡ് കൂടി പ്രഖ്യാപിക്കണം എന്നാണ് ജോയ് മാത്യു എഴുതിയത്. സ്ഥിരം ലൈംഗിക കുറ്റവാളികളെപ്പോലും യാതൊരു മടിയുമില്ലാതെ ആഘോഷിക്കുകയാണെന്ന് സംവിധായിക ശ്രുതി ശരണ്യം കുറ്റപ്പെടുത്തി. 

വിമര്‍ശനങ്ങള്‍ കടുക്കുമ്പോള്‍ വേടനെ പരോക്ഷമായി പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക പുഷ്പാവതി പൊയ്​പാടത്ത്. തന്‍റെ പല ഗാനങ്ങളും ജനപ്രിയമായ സമയത്തും സംസ്ഥാന ചലച്ചിത്ര പുരസ്​കാരത്തിലൊക്കെ അവയൊക്കെ തഴയപ്പെട്ടിട്ടുണ്ടെന്ന് പുഷ്പാ​വതി പറഞ്ഞു. കേരളീയജാതി മനസിൽ ഇപ്പോഴും പൂർണരായി കണക്കാക്കപ്പെടാത്ത മനുഷ്യരുടെ പ്രതിനിധാനങ്ങൾക്ക് അംഗീകാരം കിട്ടുമ്പോൾ മറ്റുള്ളവർക്ക് ഉണ്ടാകുന്ന അസ്വസ്ഥത ആകുലതകളാണ് കാണുന്നതെന്നും ഫെയ്​സ്ബുക്കില്‍ പങ്കുവച്ച് പോസ്റ്റില്‍ പുഷ്​പാവതി പറഞ്ഞു. 

കുറിപ്പിന്‍റെ പൂര്‍ണരൂപം

'ചെമ്പാവ് പുന്നെല്ലിൻ ചോറോ' എന്ന ഗാനം 2011ൽ ബിജിബാല്‍ മണിയിലിന്‍റെ സംഗീതത്തിൽ 'സാള്‍ട്ട് ആന്‍ഡ് പെപ്പര്‍' എന്ന ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയിൽ ഞാൻ പാടിയ ഗാനമാണ്. ആ വർഷം ഇറങ്ങിയ ഗാനങ്ങളിൽ ഏറ്റവും ജനപ്രിയ ഗാനമായിരുന്നു അത്. ആ വർഷത്തെ ജനപ്രിയ ഗാനത്തിനോ അല്ലെങ്കിൽ പ്രത്യേക ജൂറി പരാമർശമോ ഒന്നും സംസ്ഥാന അവാർഡ് കമ്മിറ്റി ആ ഗാനത്തിനു തന്നില്ല. 

അതിനു ശേഷം അതെ ജോണറിൽ ഇറങ്ങിയ 'ഏനുണ്ടോടി', 'കാറ്റേ കാറ്റേ' തുടങ്ങിയ ഗാനങ്ങൾക്ക് അവാർഡ് നൽകാൻ സംസ്ഥാന അവാർഡ് കമ്മിറ്റിക്ക് കഴിഞ്ഞു. കേരളത്തിൽ നിന്ന് കിട്ടിയില്ലെങ്കിലും ഹൈദരാബാദില്‍ വച്ചു നടന്ന 'സന്തോഷം സൗത്ത് ഇന്ത്യൻ ഫിലിം അവാർഡ്" ആ ഗാനത്തിനു ലഭിച്ചു. ഹൈദരാബാദ് താജിൽ വച്ചു നടന്ന അവാർഡ് ദാന ചടങ്ങിൽ ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ഉലകനായകൻ കമൽ ഹാസനിൽ നിന്നുമാണ് ആ പുരസ്കാരം ഏറ്റുവാങ്ങിയത്. കേരളം അത് അറിഞ്ഞത് പോലുമില്ല. കേരളീയജാതി മനസിൽ ഇപ്പോഴും പൂർണരായി കണക്കാക്കപ്പെടാത്ത മനുഷ്യരുടെ പ്രതിനിധാനങ്ങൾക്ക് അംഗീകാരം കിട്ടുമ്പോൾ മറ്റുള്ളവർക്ക് ഉണ്ടാകുന്ന അസ്വസ്ഥത, ആകുലത.. എന്താല്ലേ.

ENGLISH SUMMARY:

Kerala State Film Awards Controversy surrounds the recent awards, particularly the one given to singer Vedan. The controversy stems from past allegations against Vedan, sparking debate and criticism within the film industry.