Image Credit:Instagram/jaseela_parveen

Image Credit:Instagram/jaseela_parveen

മുന്‍പങ്കാളിയില്‍ നിന്ന് കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍ നേരിട്ടെന്ന് തുറന്ന് പറഞ്ഞ് നടി ജസീല പര്‍വീന്‍. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ചിത്രങ്ങള്‍ സഹിതം നടിയുടെ വെളിപ്പെടുത്തല്‍. മുന്‍പങ്കാളിയായ ഡോണിന്‍റെ ഉപദ്രവത്തില്‍  മുറിവേറ്റിട്ടുണ്ടെന്നും തുടയിലും കക്ഷത്തിലുമടക്കം ഡോണ്‍ കടിച്ചുപറിച്ചുവെന്നും ഇടിയില്‍ മേല്‍ച്ചുണ്ട് പൊട്ടിയെന്നുമെല്ലാം ജസീല കുറിപ്പില്‍ വിശദീകരിക്കുന്നു. കുറേക്കാലമായി എല്ലാം ഉള്ളിലൊതുക്കി ജീവിക്കുകയായിരുന്നുവെന്നും സത്യം ലോകത്തോട് വെളിപ്പെടുത്തുകയാണെന്നും കുറിപ്പിനൊപ്പം അവര്‍ എഴുതി. 

കുറിപ്പിങ്ങനെ...: 'എല്ലാവരോടുമായി ഞാന്‍ കടന്നു പോകുന്ന അവസ്ഥകളെ കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ തുറന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഇത്  ഏതെങ്കിലും തലത്തില്‍ സഹതാപം പിടിച്ചുപറ്റാനല്ല. മറിച്ച് എനിക്ക് മാര്‍ഗനിര്‍ദേശവും പിന്തുണയും വേണമെന്ന് തോന്നിയതിനാലാണ് ഈ കുറിപ്പ്. 

പുതുവല്‍സരത്തലേന്ന് അന്നത്തെ എന്‍റെ പങ്കാളിയായ ഡോണ്‍ തോമസ് വിതയത്തിലുമായി അദ്ദേഹത്തിന്‍റെ മദ്യപാനത്തെയും പുകവലിശീലത്തെയും ചൊല്ലി കടുത്ത വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടയില്‍ അക്രമാസക്തനായ ഡോണ്‍ എന്‍റെ വയറ്റില്‍ ചവിട്ടി. എന്‍റെ തല പിടിച്ച് നിലത്തിടിച്ചു. വലിച്ചിഴച്ചു. എന്‍റെ കക്ഷത്തിലും തുടകളിലും കടിച്ച് മുറിവാക്കി. കയ്യില്‍ കിടന്ന ലോഹവള കൊണ്ട് എന്‍റെ മുഖത്തും തലയിലും ആ‍ഞ്ഞിടിച്ചു. ഇടിയില്‍ എന്‍റെ മേല്‍ ചുണ്ട് കീറിപ്പറിഞ്ഞു. വലിയതോതില്‍ രക്തം വാര്‍ന്നൊഴുകി. 

എന്നെയൊന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഞാന്‍ കെഞ്ചി.പക്ഷേ ഡോണ്‍ തയാറായില്ല. കുറേക്കഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചു. പൊലീസിനെ വിളിച്ച് വിവരം പറയാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ തട്ടിപ്പറിച്ചെടുത്തു. ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാരോട് ഞാന്‍ സ്റ്റെയര്‍കെയ്സില്‍ നിന്ന് വീണതാണെന്ന് കള്ളം പറഞ്ഞു. സണ്‍റൈസ് ആശുപത്രിയിലേക്കാണ് അവിടെ നിന്ന് റഫര്‍ ചെയ്തത്. അവിടെ അഡ്മിറ്റായി പ്ലാസ്റ്റിക് സര്‍ജറി ചെയ്തു'വെന്നും കുറിപ്പില്‍ പറയുന്നു. 

അതിജീവിതരുടെ ശബ്ദങ്ങള്‍ക്ക്  പ്രസക്തിയുണ്ടെന്നും സത്യം നിങ്ങള്‍ക്കൊപ്പം ഒടുങ്ങിത്തീരേണ്ട ഒന്നല്ലെന്നും ജസീല എഴുതി. താന്‍ ഒരു അതിജീവിതയാണെന്നും ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും എല്ലാവരുടെയും പിന്തുണ തനിക്ക് ആവശ്യമുണ്ടെന്നും അവര്‍ വിശദീകരിക്കുന്നു. അക്രമത്തിനും ക്രൂരതയ്ക്കും കയ്യൂക്ക് കൊണ്ട് സ്ത്രീകളെ ഇല്ലാതെയാക്കിക്കളയാം എന്ന് കരുതുന്നവര്‍ക്കുമെതിരെയാണ് തന്‍റെ പോരാട്ടമെന്നും താരം കുറിച്ചു. അതിജീവിതരെ വിശ്വസിക്കാന്‍ സമൂഹം തയ്യാറാവണമെന്നും സത്യത്തിനായി താന്‍ എക്കാലവും നിലകൊള്ളുക തന്നെ ചെയ്യുമെന്നും കുറിപ്പില്‍ അവര്‍ വ്യക്തമാക്കി. കൂര്‍ഗ് സ്വദേശിയായ ജസീല മിനിസ്ക്രീനിലായിരുന്നു ആദ്യം തിളങ്ങിയത്. 2023 മുതല്‍ സിനിമകളിലും സജീവമാണ്. 'പെറ്റ് ഡിറ്റക്ടീവാ'ണ് ജസീലയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

ENGLISH SUMMARY:

Malayalam actress Jaseela Parveen publicly revealed severe physical and mental abuse by her former partner, Don Thomas Vithayathil, in a detailed social media post with photos. She alleged that following an argument over his drinking on New Year's Eve, he violently attacked her, kicking her stomach, slamming her head on the floor, biting her thighs and armpits, and using metal bangles to strike her face, resulting in a badly split upper lip and plastic surgery. Jaseela is seeking support as an "abuse survivor" and vows to continue her fight against violence