കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനിടെ പ്രത്യേക അഭിനന്ദനവുമായി ജൂറി ചെയർമാൻ പ്രകാശ് രാജ്. പണി സിനിമയിലെ ചെറുപ്പക്കാരുടെ ഗംഭീര പ്രകടനത്തെയാണ് പ്രശംസിച്ചത്. സാഗർ സൂര്യയും ജുനൈസും ആണ് ആ കഥാപാത്രങ്ങൾ ചെയ്തത്. മലയാള സിനിമയിൽ ഇങ്ങനെ ചെറുപ്പക്കാർ ഉണ്ടാകുന്നത് സന്തോഷമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു
'പണി സിനിമയിലെ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു.അവർ വളരെ ഭംഗിയായി നെഗറ്റീവ് റോൾ ചെയ്തു. മലയാള സിനിമയിൽ ഇങ്ങനെ ചെറുപ്പക്കാർ ഉണ്ടാകുന്നത് സന്തോഷം', പ്രകാശ് രാജ് പറഞ്ഞു. ജോജു ജോർജ് സംവിധാനം ചെയ്ത് നായകനായെത്തിയ ചിത്രമാണ് പണി. ജോജുവിന്‍റെ ആദ്യ സംവിധാന സംരംഭത്തിന് മികച്ച അഭിപ്രായമാണ് ആളുകളുടെ ഇടയിൽ നിന്നും ലഭിച്ചത്. അതിലെ പ്രധാന വേഷം ചെയ്ത രണ്ടു ചെറുപ്പക്കാരാണ് സാഗർ സൂര്യയും ജുനൈസും. ഇരുവരുടെയും പ്രകടനം ആസ്വാദകരെ അമ്പരപ്പിക്കുന്നതായിരുന്നു.
2024 ഒക്ടോബറിൽ റിലീസ് ചെയ്ത ചിത്രമാണ് പണി. ജോജു ജോർജ്, സാഗർ, ജുനൈസ് എന്നിവർക്കൊപ്പം, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ജോജു ജോര്‍ജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.