prakashraj-childcinema

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനിടെ ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് കുട്ടികളുടെ ചിത്രം സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തില്‍ സൈബറിടത്ത് പ്രതിഷേധം. കുട്ടികള്‍ക്കായുള്ള നല്ലൊരു ചിത്രത്തെ പരിഗണിക്കാത്ത ജൂറിയുടെ നിലപാടിനെ ചോദ്യം ചെയ്ത് പലരും രംഗത്ത് എത്തി. നേരത്തെ  'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥന്‍ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' എന്ന ചിത്രം കുട്ടികള്‍ക്ക് വേണ്ടി ഇറങ്ങിയ ചിത്രമാണെന്നും അതിനെ പരിഗണിക്കാത്തതില്‍ വിഷമമുണ്ടെന്നും ആനന്ദ് പ്രതികരിച്ചു.

ജൂറി പറഞ്ഞതിനോട് ചെറിയ എതിര്‍പ്പുള്ളത്, കുട്ടികള്‍ക്ക് വേണ്ടി സിനിമ ഉണ്ടായിട്ടില്ല എന്ന് പറയുമ്പോള്‍, ദേശീയ തലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സിനിമയെ എന്തുകൊണ്ട് കണ്ടില്ല എന്നതിലാണ്. അവാര്‍ഡ് വേണമെന്നല്ല, കുട്ടികളുടെ അഭിനയത്തെക്കുറിച്ചെങ്കിലും പരാമര്‍ശിക്കാമായിരുന്നെന്ന് ആനന്ദ് മന്മഥന്‍ പറഞ്ഞു.

'കുട്ടികള്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ എല്ലാം നല്ല പ്രകടനമാണ് നടത്തിയതെന്നാണ് വിശ്വസിക്കുന്നത്. അതെല്ലാവരും പറഞ്ഞ കാര്യവുമാണ്. അത് പരിഗണിക്കപ്പെട്ടില്ലെന്നത് മാത്രമാണ് വിഷമമായി തോന്നിയത്. കുട്ടികളുടെ അഭിനയത്തിന് ഒരു പരാമര്‍ശമെങ്കിലും ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു,' ആനന്ദ് മന്മഥന്‍ പറഞ്ഞു.

ഇത്തവണ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ കുട്ടികളുടെ കാറ്റഗറിയില്‍ ഒരു ചിത്രവും ഉള്‍പ്പെട്ടിരുന്നില്ല. ബാലതാരമായും ആരെയും പരിഗണിച്ചിരുന്നില്ല. കുട്ടികള്‍ക്കായുള്ള നല്ല സിനിമകളില്ല എന്നായിരുന്നു ജൂറി ചെയര്‍മാന്‍ പ്രതികരിച്ചത്. കുട്ടികളുടെ വൈകാരിക തലങ്ങള്‍ കാണിക്കുന്ന ചിത്രം വരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിനേഷ് വിശ്വനാഥനും സഹ തിരക്കഥാകൃത്ത് ആനന്ദ് മന്മഥനും ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Malayalam cinema awards are facing controversy after jury chairman Prakash Raj's comments regarding the lack of suitable children's films. This has led to criticism from filmmakers like Anand Manmadhan, who question why films like 'Sthanarthi Sreekuttan' were not considered in the children's category.