akhil-ullas

TOPICS COVERED

മിനിസ്ക്രീനിലെ കോമഡി ഷോകളില്‍ നിറഞ്ഞു നിന്ന താരമാണ് ഉല്ലാസ് പന്തളം.  കുറേക്കാലമായി ഉല്ലാസ് കലാരംഗത്തു നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ സ്ട്രോക്കും തുടര്‍ചികില്‍സകളുമാണ് ഉല്ലാസിന് വേദികള്‍ നഷ്ടമാക്കിയത്. അടുത്തിടെ ഒരു പൊതുപരിപാടിയില്‍ തന്‍റെ ആരോഗ്യാവസ്ഥ ഉല്ലാസ് വിശദമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഇന്നിതാ ഉല്ലാസ് പന്താളത്തെ വീട്ടിലെത്തി കണ്ടിരിക്കുകയാണ് നടനും സംവിധായകനുമായ അഖിൽ മാരാർ. ഒരു പാട് വേദിയിൽ നമ്മളെ ചിരിപ്പിച്ച ഒരു കലാകാരൻ വീണ് പോയത് കണ്ടപ്പോൾ വിഷമം തോന്നിയെന്നും അസുഖം ഭേദമായി അദ്ദേഹം തിരിച്ചുവരട്ടെയെന്നും അഖില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഉല്ലാസിനോടൊപ്പമുള്ള ചിത്രവും അഖില്‍ പങ്കുവച്ചിട്ടുണ്ട്. ഒപ്പം വയ്യാത്ത ആളുടെ കൂടെ ഫോട്ടോ ഇട്ട് റീച്ച് എന്നൊക്കെ ഉള്ള കമന്റുകൾ ഒഴിവാക്കണമെന്നും ഞാൻ എന്ത് ചെയ്തു എന്നത് ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാൽ മതിയെന്നും കുറിച്ചാണ് അഖില്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അഖില്‍ വീട്ടില്‍ വന്നു കണ്ട വിവരം ഉല്ലാസും ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘പ്രിയ സഹോദരന്‍’ എന്നാണ് അഖിലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉല്ലാസ് പന്തളം കുറിച്ചത്.

അഖില്‍ മാരാര്‍ പങ്കുവച്ച പോസ്റ്റ്:

2013ല്‍ ഗോകുലം സ്റ്റാഫ് അസോസിയേഷന്റെ വാർഷികത്തിന് കൊച്ചി ഗോകുലം ഗ്രാൻഡിൽ ഞാൻ സംവിധാനം ചെയ്ത ഷോയിൽ സ്കിറ്റ് ഡബ് ചെയ്യാൻ വന്നപ്പോൾ ആണ് ഞങ്ങൾ ആദ്യമായി പരിചയപെടുന്നത്. പിന്നീട് വല്ലപ്പോഴും വിളിക്കും കഴിഞ്ഞ വർഷം ഒരു സിനിമയുടെ പ്രിവ്യൂ ഷോ സമയമാണ് അവസാനമായി കണ്ടത്.

ഒരു പാട് വേദിയിൽ നമ്മളെ ചിരിപ്പിച്ച ഒരു കലാകാരൻ വീണ് പോയത് കണ്ടപ്പോൾ വിഷമമായി. കലാകാരൻ പോരാളി ആണ്. അവന്റെ വേദനയിലും അവൻ സദസ്സിനെ ചിരിപ്പിക്കും. എത്രയും വേഗം അസുഖം ഭേദമായി ഉല്ലാസേട്ടൻ തിരിച്ചു വരട്ടെ... എല്ലാ പ്രാർത്ഥനകളും.

NB: വയ്യാത്ത ആളുടെ കൂടെ ഫോട്ടോ ഇട്ട് റീച്ച് എന്നൊക്കെയുള്ള കമന്റുകൾ ഒഴിവാക്കുക. ഒരിക്കൽ നിങ്ങളെ ചിരിപ്പിച്ച സന്തോഷിപ്പിച്ചവർ ഇന്നും ഇവിടെ ജീവിക്കുന്നു എന്ന ഓർമപ്പെടുത്തൽ ആണ് ഈ ഫോട്ടോ. ഞാൻ എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാൽ മതി.

കഴിഞ്ഞ ഏപ്രിലിലാണ് ഉല്ലാസിന് സ്ട്രോക്കുണ്ടായത്. ഇടത് കാലിനും ഇടത് കൈക്കും സ്വാധീനകുറവുണ്ട്. ഇതുമൂലം ചാനല്‍ പ്രോഗ്രാമുകളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അടുത്തിടെ ലക്ഷ്മി നക്ഷത്ര ഒരു കടയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കുകയും ഉദ്ഘാടനത്തിനെത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയുമായിരുന്നു. ഇതോടെയാണ് രോഗാവസ്ഥ എല്ലാവരും അറിയുന്നത്.

ENGLISH SUMMARY:

Comedian Ullas Pandalam, a familiar face on mini-screens, recently revealed he suffered a stroke, leading to weakness on his left side. Actor and director Akhil Marar visited Ullas and shared an emotional post on Facebook, wishing the "warrior" a speedy recovery and acknowledging the pain behind the smiles of artists. Akhil also preemptively addressed critics, stating his gesture was a reminder of the artist's continued existence.