ബോളിവുഡ് ബാദ്ഷ ഷാറൂഖ് ഖാന് ഇന്ന് അറുപതാം പിറന്നാള്‍. വില്ലനില്‍ നിന്ന് പ്രണയത്തിന്റെ രാജാവിലേക്ക് പിന്നാലെ ആക്ഷന്‍ ഹീറോയിലേക്ക്, ഷാറൂഖ് ഖാനില്‍ നിന്ന് SRK എന്ന മൂന്നക്ഷരത്തിലേക്ക് കുതിപ്പ്. 33വര്‍ഷമായി ബോളിവുഡ് ഭരിക്കുന്ന ബാദ്ഷായുടെ അറുപതാം പിറന്നാള്‍ ആഘോഷം അലിബാഗിലെ ഫാം ഹൗസിലാണ്.
ഫുട്ബോളും ഹോക്കിയും കളിച്ചു നടന്ന പയ്യന്‍ മുംബൈയിലേക്ക് സിനിമാ മോഹവുമായി എത്തുമ്പോള്‍ തലതൊട്ടപ്പന്മാര്‍ ആരുമുണ്ടായിരുന്നില്ല. ‘ഇവിടം ഒരിക്കൽ ഞാൻ ഭരിക്കും’എന്ന് ആ പയ്യന്‍ പറയുമ്പോള്‍ ആരും അത് മുഖവിലയ്ക്കെടുത്തില്ല. എന്നാല്‍ മുംബൈ നഗരത്തിന്റെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ താരചക്രവർത്തിയായി ഷാറൂഖ് ഖാന്‍.
മുംബൈയിലെ തിയറ്ററില്‍ ടിക്കറ്റ് വില്‍പനക്കാരനായും ഡ്രൈവറായും ജോലി ചെയ്ത ഷാറൂഖ് ഖാന്‍ 1992ല്‍ ദീവാനയിലൂടെ ബോളിവുഡിലേക്ക്. ബാസിഗറിലും ഡറിലും വില്ലന്‍ വേഷങ്ങള്‍,പിന്നാലെ ഡിഡിഎല്‍ജെയിലൂടെ പ്രണയനായകനിലേക്ക്, സൂപ്പര്‍ ഹിറ്റില്‍ നിന്ന് ബംപര്‍ ഹിറ്റുകളിലേക്ക്. ഡോണിലൂടെ ബോളിവുഡിന്റെ ചക്രവര്‍ത്തി.
കഠിനാധ്വാനത്തെ കുറിച്ചും സ്വപ്നങ്ങള്‍ സ്വന്തമാക്കുന്നതിനെ കുറിച്ചും പറയുമ്പോള്‍ ഷാറൂഖിന്റെ കണ്ണുകളില്‍ ദൃഢനിശ്ചയം കാണാനാകും. 2007ല്‍ ചക്ദേ ഇന്ത്യയിലെ കഥാപത്രത്തില്‍ ഷാറൂഖിന്റെ ആത്മാശം കാണാനാകും.
2018ല്‍ സിറോയുടെ പരാജയം ഷാറൂഖ് ഖാനെ മാനസികമായി തളര്‍ത്തി. അന്ന് താരം പറഞ്ഞത് ഒരു ഇടവേള എടുക്കുന്നുവെന്നാണ്. ആ ഇടവേളയിലാണ് മകന്‍ ആര്യന്‍ ഖാന്‍ ലഹരിക്കേസില്‍ അറസ്റ്റിലാകുന്നത്. പ്രതിസന്ധികളെല്ലാം അതിജീവിച്ച് അയാള്‍ പഠാനിലൂടെയും ജവാനിലൂടെയും കളക്ഷനില്‍ റെക്കോര്‍ഡ് തീര്‍ത്ത് വീണ്ടും ചെറുപ്പമായി. മാറ്റമില്ലാതെ കിങ്ഖാൻ തുടരുന്നു.