ഷറഫുദീനോട് ചൂടാകുന്ന വിനായകന്‍റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. 'പെറ്റ് ഡിറ്റക്റ്റീവ്' എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിലാണ് സംഭവം. കാരവാനുള്ളില്‍ നിന്നാണ് വിനായകന്‍ ദേഷ്യപ്പെട്ടത്. ഡേറ്റിന്റെ കാര്യം പറഞ്ഞാണ് വഴക്ക്. രണ്ട് പേര്‍ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോവുന്നതും ഷറഫൂദീന്‍ വാതില്‍ അടച്ച് നിരാശനായി നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. ഇതിന് പിന്നാലെ ഒരു മണിക്കൂറിന് ശേഷം എന്ന കുറിപ്പ് സ്‌ക്രീനില്‍ കാണിച്ചതിന് ശേഷം വീഡിയോ അടുത്ത ഭാഗത്തിലേക്ക് കടക്കുന്നു. ഷൂട്ടിനിടെയുള്ള രസകരമായ നിമിഷങ്ങളാണ് പിന്നീടുള്ള വിഡിയോയില്‍ കാണുന്നത്.
'ഒരു പ്രൊഡ്യൂസര്‍ എത്രകാലം ഇത് സഹിക്കണം' എന്ന കുറിപ്പോടെ ഷറഫുദ്ദീന്‍ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ഇനിയാണ് ട്വിസ്റ്റ്. ദൃശ്യങ്ങളൊന്നും യഥാര്‍ഥത്തിലുള്ളതല്ലെന്നും പെറ്റ് ഡിറ്റക്റ്റീവിനുവേണ്ടി സാങ്കല്‍പ്പികമായി നിര്‍മിച്ചതാണെന്നും ഒരു അറിയിപ്പ് കൂടി കൊടുത്തു ഷറഫുദീന്‍.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് പെറ്റ് ഡിറ്റക്റ്റീവ് നിർമ്മിച്ചത്. പ്രനീഷ് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായികയായത്. മികച്ച പ്രതികരണമാണ് പെറ്റ് ഡിറ്റക്റ്റീവിന് ലഭിക്കുന്നത്.