TOPICS COVERED

‘ആട് 3’ സിനിമയിലെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ ശക്തമായി പ്രതികരിച്ച് നടന്‍ വിനായകന്‍. സംഘട്ടനരംഗം ചിത്രീകരിച്ചവരെയും അതിനുള്ള പശ്ചാത്തലമൊരുക്കിയവരെയും തുറന്ന് വിമര്‍ശിക്കുന്നതാണ് വിനായകന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘വിവരമുണ്ടെന്ന ധാരണയില്‍ വിവരമില്ലാത്തവന്മാരെ വിശ്വസിച്ച് ചെയ്ത ജോലിക്കിടയിലാണ് പരുക്ക് പറ്റിയത്.’ വിനായകന് നേരിട്ട അപകടം സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചവര്‍ക്കെതിരെ ഇട്ട പോസ്റ്റിലാണ് ഈ വാചകം.

തിരുച്ചെന്തൂരിലെ ഷൂട്ടിങ്ങിനിടെയാണ് വിനായകന് ഗുരുതര പരുക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ‘കഴുത്തിലെ ഞരമ്പിന് മുറിവേറ്റു. കൃത്യസമയത്ത് കണ്ടെത്തിയിരുന്നില്ലെങ്കില്‍ ചലനശേഷി നഷ്ടപ്പെട്ടേനെ’ – കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം പുറത്തിറങ്ങിയപ്പോള്‍ വിനായകന്‍ പറഞ്ഞ വാക്കുകളാണിത്. എം.ആര്‍.ഐ സ്കാനില്‍ പേശികള്‍ക്ക് സാരമായ ക്ഷതമേറ്റെന്നും ഞരമ്പിന് മുറിവേറ്റെന്നും കണ്ടെത്തിയിരുന്നു. ഡോക്ടര്‍മാര്‍ താരത്തിന് പൂര്‍ണവിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

അപകട വാര്‍ത്തയും ആശുപത്രിവാസത്തിനുശേഷമുള്ള പ്രതികരണവും വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിനായകന്‍റെ പഴയ പോസ്റ്റുകളും പ്രതികരണങ്ങളും വച്ച് സൈബര്‍ ആക്രമണം അരങ്ങേറിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെയും വിഎസിന്‍റെയുമൊക്കെ മരണത്തിന് പിന്നാലെ പറഞ്ഞ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിനോടാണ് വിനായകന്‍ ഇന്ന് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.

‘വിനായകന്‍റെ കൂടെയുള്ള ജനം ഇപ്പോഴും വിനായകന്‍റെ കൂടെത്തന്നെയുണ്ട് അതിന്‍റെ എണ്ണം കൂടിയിട്ടേയുള്ളു. വിനായകൻ എപ്പോ ചാവണമെന്നു കാലം തീരുമാനിക്കും. ഗർഭം കലക്കാൻ പോയപ്പോൾ പറ്റിയ പരിക്കല്ല. വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചുചെയ്ത ജോലിക്കിടയിൽ പറ്റിയ പരിക്കാണെടാ. വിനായകൻ ചത്താലും ജീവിച്ചാലും ഈ ലോകത്ത്‌ ഒന്നും സംഭവിക്കാനില്ല. "കർമ്മ" എന്താണെന്ന് നീയൊന്നും വിനായകനെ പഠിപ്പിക്കേണ്ട. വിനായകന്‍റെ കർമ്മഫലം വിനായകൻ അനുഭവിച്ചോളും. അതുകൊണ്ട് പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ടു വേണ്ട. അഹംഭവിച്ചവനല്ല, അഹംകരിച്ചവനാണ് വിനായകൻ. കാലം എന്നെ കൊല്ലുന്നതു വരെ ഞാൻ സംസാരിച്ചു കൊണ്ടേയിരിക്കും...’– ഇതായിരുന്നു ഫെയ്സ്ബുക് പോസ്റ്റിന്‍റെ പ്രധാനഭാഗം.

ENGLISH SUMMARY:

Vinayakan shooting accident refers to an injury sustained by actor Vinayakan during the filming of 'Aadu 3'. The incident has sparked significant discussion online, especially regarding safety protocols and Vinayakan's response to subsequent cyberattacks.