'അന്തസ് വേണമെടാ...' നടന്‍ മുകേഷിനെ ട്രോളാന്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്രയോഗമാണിത്. രാത്രി ഫോണില്‍ വിളിച്ച ഒരു ആരാധകന് മുകേഷ് നല്‍കിയ മറുപടിയാണ് ട്രോള്‍ മഴയ്ക്ക് തുടക്കമിട്ടത്. ഈ വൈറല്‍ കോളിന് ഇപ്പോള്‍ മുകേഷ് മറുപടി നല്‍കുകയാണ്. മഴവിൽ മനോരമയിലെ ‘ബംപർ രാജ’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഒരു മത്സരാർഥി മുകേഷിനു മുന്നിൽ ഈ ഫോണ്‍കോളുമായി ബന്ധപ്പെട്ട സ്കിറ്റ് അവതരിപ്പിച്ചു. മത്സരാർഥിയായ മഹാദേവൻ വിഷയം അവതരിപ്പിക്കുമ്പോള്‍ത്തന്നെ മുകേഷ് കൗണ്ടറടിച്ചു. ‘വിളച്ചിലെടുക്കല്ലേ...’ എന്ന തന്‍റെ വൈറൽ പ്രയോഗം ആവർത്തിച്ചുകൊണ്ടായിരുന്നു പ്രതികരണം.
തന്‍റെ കാര്യങ്ങളറിയാന്‍ എപ്പോഴും വിളിക്കുന്ന അച്ഛന് മുകേഷിന്‍റെ നമ്പര്‍ കൊടുത്തിട്ട് രാത്രി 11 മണി കഴിഞ്ഞ് ഈ നമ്പറില്‍ വിളിച്ചാല്‍ എല്ലാ സംശയവും മാറും എന്നാണ് താന്‍ പറഞ്ഞെന്ന് മഹാദേവന്‍ പറഞ്ഞു. ‘എവിടെയെങ്കിലും കിടക്കുന്ന ഒരുത്തന് രാത്രി ഒരു വിഷമം വന്നാൽ അവൻ ഉടനെ ചിന്തിക്കുന്നത് എന്നാൽ പിന്നെ മുകേഷേട്ടനെ ഒന്ന് വിളിക്കാം എന്നാണ്. എന്നിട്ട് മുകേഷേട്ടൻ അവനെ സുഹൃത്തിനെപ്പോലെയാണ് കാണുന്നത്. പാതിരാത്രി കിടന്നുറങ്ങുന്ന നമ്മുടെ സുഹൃത്തിനെ വിളിച്ചിട്ട് നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അവൻ നമ്മളോട് എന്തൊക്കെ പറയുമോ അതേ മുകേഷേട്ടനും പറഞ്ഞിട്ടുള്ളൂ,’ മഹാദേവന്റെ വാക്കുകൾ.
ഇതിന് മറുപടിയായി തനിക്ക് വരുന്ന കോളുകളെപ്പറ്റി മുകേഷും സംസാരിച്ചു. ‘ഇപ്പോൾ വിളിക്കുന്നവരോട് അങ്ങോട്ട് ഒന്നും പറയേണ്ട, ട്രെൻഡ് മാറി. ഇപ്പോൾ ഫോൺ വിളിക്കുന്നു ഞാൻ എടുത്ത് ഹലോ പറയുന്നു, ഞാൻ ഒന്ന് ചുമച്ചാൽ ഉടനെ ‘ചുമ, ചുമ’ എന്ന് പറയും. എനിക്കൊരു ഡൗട്ട് ഉണ്ട്, ഞാൻ ആദ്യമായിട്ടാണ് മഹാദേവനെ കാണുന്നത്, ഈ ശബ്ദവും രീതിയും കണ്ടിട്ട് ഇവനല്ലേ രാത്രി എന്നെ വിളിക്കുന്നത് എന്നൊരു തോന്നൽ. ഇത്രയും പ്രാവശ്യം മുകേഷേട്ടന്റെ ഫോൺ, എന്റെ മുകേഷേട്ടൻ എന്നൊക്കെ പറയുന്നത് കേട്ടിട്ട് തോന്നുന്നതാ. മോനേ എന്നെ നീ ഉറങ്ങാൻ സമ്മതിക്കണേ. എനിക്ക് ആകെ ഇപ്പോൾ പറയാനുള്ളത് വെളച്ചിലെടുക്കല്ലേ എന്നാണ്.’ മുകേഷ് തമാശയോടെ പറഞ്ഞു. ഉടന്‍ ഒപ്പമിരിക്കുന്ന ബിബിന്‍ ‘അന്തസ് വേണമെടാ’ എന്ന് ഇപ്പോള്‍ പറയാന്‍ മുകേഷിനോട് ആവശ്യപ്പെടുന്നുമുണ്ട്.