‘ഡീയസ് ഈറേ’ തിയറ്ററില്‍ കണ്ട ശേഷം പുറത്തേക്ക് വന്ന പ്രണവ് മോഹന്‍ലാലിനോട് ഒരു ചോദ്യം. പ്രണവ് തൂക്കിയെന്നാ എല്ലാരും പറയുന്നേ?, പടം എങ്ങനെ?– ഒറ്റവാക്കില്‍ ശബ്ദം വളരെ കുറച്ചായിരുന്നു പ്രണവിന്‍റെ ഉത്തരം. പടം നന്നായിരുന്നു. പ്രണവിന്‍റെ ശരീര ഭാഷയില്‍ സിനിമ ഹിറ്റായതിന്‍റെ അമിതാവേശമൊന്നുമില്ല, നല്ല അഭിനയം എന്ന പ്രശംസയില്‍ ഒരു ചിരി മാത്രമാണ് ഉത്തരം.  

രാഹുല്‍ സദാശിവന്‍ – പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടിന്‍റെ മിസ്റ്ററി ഹൊറര്‍ ഗണത്തിലുള്ള ചിത്രം അര്‍ധരാത്രിയിലാണ് പ്രദര്‍ശനം ആരംഭിച്ചത്. ആദ്യം സിനിമ കണ്ടവരൊക്കെ ആവേശത്തിലും അമ്പരപ്പിലുമാണ്. പ്രണവ് മോഹൻലാലിൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്നാണ് മിക്കവരുടെയും അഭിപ്രായം. ഇതിനെ മറികടക്കുന്ന പ്രകടനം കാഴ്ചവയ്ക്കുകയാവും ഇനി വരുന്ന സിനിമകളില്‍ പ്രണവിന് മുന്നിലുള്ള വെല്ലുവിളിയെന്ന് ചിലര്‍ പറയുന്നു.

രാഹുല്‍ സദാശിവന്‍ പതിവുപോലെ മേക്കിങ് ഗംഭീരമാക്കി. തിരക്കഥ, സംഗീതം, സംഭാഷണം, അഭിനേതാക്കളുടെ പ്രകടനം എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും മികച്ചുനില്‍ക്കുന്നു ‘ഡീയസ് ഈറേ’. ‘ദുര്‍ബല ഹൃദയമുള്ളവര്‍ ചിത്രം കാണരുത്’, ‘ഭയാനകതയുടെ കൊടുമുടിയിലേക്കാണ് രാഹുല്‍ പ്രേക്ഷകരെ കൊണ്ടുപോകുന്നത്’, പ്രവചനാതീതമായ കഥാഗതിയാണ് ചിത്രത്തിലേത്...’ ഇങ്ങനെ നീളുന്ന പ്രതികരണങ്ങള്‍.

ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലറുകള്‍ക്കുശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. രാഹുലും ടീമും പ്രതീക്ഷ കാത്തു എന്നുതന്നെയാണ് ആദ്യപ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ തിരക്കഥ രചിച്ചതും രാഹുൽ തന്നെയാണ്. 

ENGLISH SUMMARY:

Dies-Irae- Movie Review. Rahul Sadasivan's latest horror thriller starring Pranav Mohanlal is receiving rave reviews for its gripping storyline and performances.