ഒരിടവേളയ്ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇതിനൊരു വിരാമമിട്ടുകൊണ്ട് റിലീസിനോട് അടുക്കുകയാണ് 'കളങ്കാവല്‍'. വില്ലനിസത്തില്‍ ചേര്‍ന്ന മമ്മൂട്ടിയുടെ മറ്റൊരു പരകായപ്രവേശത്തിനായാണ് മോളിവുഡ് ഒന്നടങ്കം കാത്തിരിക്കുന്നത്. നവാഗതനായ ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകനാണ് നായകവേഷത്തിലെത്തുന്നത്.
ചിത്രത്തിന്‍റെ ഏറ്റവും പുതിയ അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 'കളങ്കാവലി'ന്‍റെ ട്രെയിലര്‍ ഉടനെ പുറത്തുവരും. പുതിയൊരു പോസ്റ്ററിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുക വലിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററില്‍ കാണുന്നത്. റിലീസിന് ഇനി 30 നാള്‍ കൂടി എന്ന് പോസ്റ്ററിലുണ്ട്. ഈ മുപ്പതില്‍ ഒരു ചിലന്തിയെ കൂടി കാണാം. ഇരകള്‍ക്കായി വല വിരിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പ്രത്യേകത തന്നെയാണ് പോസ്റ്ററില്‍ കാണുന്നത്.
U/A 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസർ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ.കെ.ജോസും ചേർന്നാണ് 'കളങ്കാവലി'ന്റെ തിരക്കഥ രചിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ.കെ.ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘കളങ്കാവലി’നുണ്ട്.