നടന്‍ അജിത് കുമാറിന്‍റെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിനിടയ്ക്കുള്ള വിഡിയോകള്‍ വൈറലാവുകയാണ്. പത്തുമാസം നീണ്ട റേസിങ് സീസൺ പൂർത്തിയാക്കി അടുത്തിടെയാണ് അജിത്ത് നാട്ടിൽ തിരിച്ചെത്തിയത്. ക്ഷേത്രദർശനത്തിനായി കോട്ടൺ ഷർട്ടും സിൽക്ക് മുണ്ടുമായിരുന്നു താരം ധരിച്ചിരുന്നത്.
അജിത്തിനെ പിന്തുടര്‍ന്ന് ഒരു ആരാധക കൂട്ടം തന്നെയുണ്ടായിരുന്നു. ഇടക്ക് ഒപ്പം നടന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ അജിത്ത് രൂക്ഷമായി നോക്കി. ഉടന്‍ തന്നെ തനിക്ക് സംസാരിക്കാനോ കേള്‍ക്കാനോ സാധിക്കില്ലെന്ന് യുവാവ് ആംഗ്യം കാണിച്ചു. പിന്നാലെ അജിത്ത് യുവാവിന്‍റെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി സെല്‍ഫിയെടുക്കുകയായിരുന്നു. അജിത്തിന്‍റെ പ്രവര്‍ത്തിയെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ.
ക്ഷേത്രത്തിൽ ഒത്തുകൂടിയ ഭക്തർ അദ്ദേഹത്തെ ആർത്തുവിളിച്ചപ്പോള്‍ അവരെ ശാന്തരാക്കാനും അജിത്ത് മറന്നില്ല. ക്ഷേത്രപരിസരമായതിനാൽ ശബ്ദമുണ്ടാക്കരുതെന്ന് അജിത് അവരോട് ആവശ്യപ്പെട്ടു. മിണ്ടാതിരിക്കണമെന്ന് ആംഗ്യത്തിലൂടെയാണ് അദ്ദേഹം പറഞ്ഞത്.