ഒരു സിനിമ റീ റിലീസ് പ്രഖ്യാപിക്കുന്നു. പിന്നെ കാണുന്നത് സോഷ്യല്‍ മീഡിയ അതിലെ കഥാപാത്രങ്ങളെ വാഴ്ത്തുന്ന കാഴ്ച, തെക്കേടത്ത് രാമൻ കുട്ടി, തെക്കേടത്ത് അച്യുതൻ കുട്ടി, തമ്പിസാര്‍, പ്യാരി, പിന്നെ വണ്‍ ആന്‍ഡ് ഒള്ളി ‘പോഞ്ഞിക്കര കേശവൻ’, റീ റിലീസ് ചിത്രങ്ങളുടെ കൂട്ടത്തിലേയ്ക്ക് കല്യാണരാമൻ വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു ആവേശ കാഴ്ചയായിരിക്കും.
ഷാഫി– ബെന്നി പി. നായരമ്പലം ടീമിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ദിലീപും ലാലും സലീം കുമാറും നവ്യനായരും എല്ലാം ചിരിപ്പിച്ച് രസിപ്പിച്ചെങ്കിലും ഇന്നസെന്‍റിന്‍റെ ‘പോഞ്ഞിക്കരയെ പോലെ ഫാന്‍ബേസുള്ള ഒരു കഥാപാത്രം വേറേയല്ല. ചിത്രത്തില്‍ ഇന്നസെന്‍റ് പൂണ്ട് വിളയാടിയെന്ന് പറയാം. തിയറ്ററില്‍ റീ റിലീസ് വരുമ്പോഴും ഇന്നസെന്‍റിന് കയ്യടിയുറപ്പ്.
പോഞ്ഞിക്കര എന്ന കഥാപാത്രത്തിന് കഥാഗതിയിൽ വലിയ പ്രാധാന്യം ഇല്ലെന്നു തോന്നിയതിനാൽ ഇന്നസെന്‍റിന് ചിത്രത്തില്‍ അഭിനയിക്കുന്നതിനോട് ആദ്യം വലിയ താല്‍പര്യം ഇല്ലായിരുന്നു. പിന്നീട് ഷാഫിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചിത്രത്തിലേയ്ക്ക് വരുന്നത്. ‘മ്യൂസിക് വിത്ത് ബോഡി മസിൽസ്’, ‘ചെന്തെങ്ങിന്‍റെ കുല ആണെങ്കിൽ ആടും’ ചേട്ടാ കുറച്ച് ചോറ് ഇടട്ടെ..തുടങ്ങി ആ ചിത്രത്തിലെ പല ഹാസ്യരംഗങ്ങളും ഇന്നസെന്റ് തന്റേതായ രീതിയിൽ രൂപപ്പെടുത്തി, പിന്നെ കണ്ടത് കൂട്ടച്ചിരിയാണ്.
കല്യാണരാമന്‍ ഉണ്ടായതിന് പിന്നിലുമുണ്ടൊരു കഥ, തന്‍റെ ആദ്യ സിനിമയായ ‘വൺമാൻഷോ’യുടെ ഷൂട്ടിങ് തുടങ്ങും മുൻപേ 2 സിനിമകൾ ചെയ്യാൻ ഷാഫിക്ക് അഡ്വാൻസ് കിട്ടി.. പക്ഷേ, വിചാരിച്ചത്ര സ്വീകരണം വൺമാൻഷോയ്ക്കു കിട്ടിയില്ല. കോമഡി പടത്തിന്‍റെ പതിവു ട്രാക്ക് ആയിരുന്നില്ല അതിന്‍റേത്. അതിനാൽ അടുത്ത പടം ചെയ്തപ്പോൾ കൂടുതൽ കരുതലെടുത്തു. അപ്പോഴാണ് സിദ്ദിഖും റാഫിയും ബെന്നി പി. നായരമ്പലത്തിനെക്കുറിച്ച് ഷാഫിയോട് പറഞ്ഞത്. അങ്ങനെ അദ്ദേഹവുമൊത്തായി ചർച്ച.‘ഈ സിനിമയിൽ പ്രേമവും കല്യാണവും മാത്രം മതി. കാരണം അതിനൊരു ഗ്യാരന്റിയുണ്ട്.’–ഷാഫി പറഞ്ഞ ആ ഗ്യാരന്റി പടമാണ് കല്യാണരാമൻ.
ആദ്യ കഥയിൽ പാചകക്കാരന്‍റെ മകളായിരുന്നു നായിക. ഇവർ പാചകത്തിനു പോകുന്നിടത്തു മൊട്ടിടുന്ന പ്രണയമായിരുന്നു പ്രമേയം. പക്ഷേ, ദിലീപ് ചിത്രമായതിനാൽ നായകനെ പാചകക്കാരനാക്കിയാൽ വലിയ സാധ്യതയുണ്ടെന്നവർ കണ്ടു. ആ പോയിന്‍റില്‍ കഥാപാത്രങ്ങളെ തിരിച്ചിട്ടു. അങ്ങനെ ഇന്ന് കാണുന്ന കല്യാണരാമൻ നമ്മളെ ചിരിപ്പിച്ചു.
ഏതായാലും റീ റിലീസില്‍ കല്യാണ രാമന്‍ ഒരു കൂട്ടച്ചിരി ചിരിപ്പിക്കുമെന്ന് ഉറപ്പാണ്. അത്രത്തോളം ഫാന്‍ബേസ് ആ ചിത്രത്തിനുണ്ട്. വീണ്ടും ദിലീപും ഇന്നസെന്‍റും സലീം കുമാറും എല്ലാം വരുമ്പോള്‍ തിയറ്റര്‍ നിറയട്ടെ.