എഐ കാലമാണ്, ഒറിജിനലേതാ ഡൂപ്ലിക്കേറ്റ് ഏതാ എന്ന് തിരിച്ചറിയാന്‍ പ്രയാസമുള്ള കാലം. അതു തന്നെയാണ് മകള്‍ ദുആയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ദീപിക പദുക്കോണും റണ്‍വീര്‍ സിങും പങ്കിട്ടപ്പോള്‍ സംഭവിച്ചത്. ആരാധകര്‍ ഹൃദയത്തിലേറ്റേണ്ടിയിരുന്ന ചിത്രം നിരവധി ചോദ്യങ്ങള്‍ക്ക് കാരണമായി. ചിത്രം യഥാര്‍ഥമാണോ അതോ എഐ നിര്‍മ്മിതമാണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. ഇത് വെറുമൊരു സെലിബ്രിറ്റി ഗോസിപ്പ് ആയിരുന്നില്ല. മറിച്ച് നമ്മള്‍ ജീവിക്കുന്ന ലോകത്തെ കുറിച്ചുള്ള തിരിച്ചറിവായിരുന്നു. ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ചിത്രങ്ങള്‍ തുടക്കം കുറിച്ചത്.

എല്ലാതരത്തിലും പെര്‍ഫക്ട് ആയിരുന്നു ദുആയുടെ ചിത്രം. ലൈറ്റിങ്, കളർ ടോണുകൾ, പശ്ചാത്തലം എല്ലാം. അത്രയും പെര്‍ഫെക്ട് ആയതുകൊണ്ടുതന്നെയാണ് അത് വ്യാജമാണെന്ന് പലരും അഭിപ്രായപ്പെട്ടത്. ‘ദുഅ അക്ഷരാർത്ഥത്തിൽ ഒരു എഐ പോലെയാണ് തോന്നുന്നത്. അവൾ വളരെ പെർഫെക്റ്റാണ്’ എന്നാണ് ഒരു ആരാധകൻ അഭിപ്രായപ്പെട്ടത്. ഈ ചിത്രങ്ങള്‍ ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന വൈറൽ എഐ ജെനറേറ്റഡ് ബോളിവുഡ് ബേബി ചിത്രങ്ങളുമായി സാമ്യമുള്ളതായിരുന്നു. പെർഫെക്റ്റ് ഹെയർ, പെർഫെക്റ്റ് സ്കിൻ, പെർഫെക്റ്റ് ലൈറ്റ്! ഇതോടെയാണ് ആരാധകർ അതിനെ എഐ ബേബി ട്രെൻഡുമായി ബന്ധിപ്പിച്ചത്. സത്യത്തില്‍ ആ പെര്‍ഫക്ഷന്‍ ശാപമായി മാറി. 

യഥാർത്ഥ ചിത്രങ്ങൾ വളരെ മികച്ചതായി കാണപ്പെടുകയും അവ ഡിജിറ്റൽ ഫാബ്രിക്കേഷനുകളോട് സാമ്യമുള്ളതായി തോന്നുകയും ചെയ്യുന്ന ഹൈപ്പർ-റിയാലിറ്റി ഇഫക്റ്റാണിത്. നമ്മൾ ലോകത്തെ കാണുന്നതിനെ ടെക്നോളജി എങ്ങിനെ മാറ്റി മറച്ചു എന്നതിന് ഉദാഹരണമായിരുന്നു അത്. ഒരുകാലത്ത് ആരാധനയോടെ നോക്കിയിരുന്ന ചിത്രങ്ങള്‍ ഇന്ന് സൂം ചെയ്യപ്പെടുന്നു, ക്രോസ് ചെക്ക് ചെയ്യപ്പെടുന്നു, അതിന്‍റെ ഉറവിടം ചര്‍ച്ചചെയ്യപ്പെടുന്നു. ഇത്രയും ‘പൂര്‍ണത’ എഐയിലല്ലാതെ ഇല്ലെന്ന ചിന്ത. 

എന്നാല്‍ ചിത്രം വ്യാജമായിരുന്നില്ല. യഥാർഥമായിരുന്നു. പ്രൊഫഷണലായി ചിത്രീകരിച്ച് എഡിറ്റ് ചെയ്‌ത ചിത്രമായിരുന്നു. പക്ഷേ സോഷ്യല്‍ മീഡിയയുടെ പ്രതികരണം വ്യക്തമാക്കുന്നത് മറ്റുചിലതാണ്. ആളുകൾ ഇപ്പോൾ എല്ലാ ദൃശ്യങ്ങളെയും എത്രമാത്രം ശ്രദ്ധയോടെ വീക്ഷിക്കുന്നതെന്ന്. ‘പൂർണതയെ’ വിശ്വസിക്കാത്ത ഒരു യുഗത്തിലാണ് നമ്മള്‍ എത്തിയിരിക്കുന്നതെന്ന്. ആധികാരികത സ്വയം തെളിയിക്കേണ്ട സാഹചര്യമാണെന്ന്.

ENGLISH SUMMARY:

Photos of Deepika Padukone and Ranveer Singh with their baby daughter, Dua, went viral, sparking widespread debate among fans over whether the images were real or AI-generated. The pictures' "perfect" quality led to suspicion, highlighting the new challenge of distinguishing between genuine and technologically fabricated images in the hyper-real digital age.