നടന്‍ ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനാകുന്നു. അടൂര്‍ സ്വദേശിനിയായ താരയാണ് വധു. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഫെയ്‌സ്ബുക്കിലൂടെ ബിനീഷ് തന്നെയാണ് വിവാഹ വാര്‍ത്ത പങ്കുവെച്ചത്.
‘ടീമേ... ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഖത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസ്സോടെ "താര" എന്നോടൊപ്പം ഉണ്ടാകും.. കല്യാണത്തിന്റെ ഡേറ്റ് അറിയിക്കാം’. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം എന്ന കുറിപ്പോടെയാണ് ബിനീഷ് ബാസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ ചിത്രം പങ്കുവെച്ചത്.
കുറേ കാലമായുള്ള അമ്മച്ചിയുടെ ആഗ്രഹമാണ് തന്റെ വിവാഹം. അമ്മച്ചി അതിനായി ഒരുപാട് പ്രാര്‍ഥനകളും നടത്തിയിരുന്നു. വൈകിയുള്ള വിവാഹമാണെങ്കിലും ഒരുപാട് സന്തോഷമുണ്ടെന്ന് ബിനീഷ് പറഞ്ഞു. ഓഫ്‌വൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുനില്‍ക്കുന്ന ബിനീഷിന്റെയും താരയുടേയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ സോളമനും ശോശന്നയും കണ്ടുമുട്ടി എന്ന കുറിപ്പും ബിനീഷ് പങ്കുവെച്ച ചിത്രത്തില്‍ കാണാം. ഇരുവര്‍ക്കും വിവാഹ ആശംസകള്‍ അറിയിച്ച് നിരവധിപേരാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിനടിയില്‍ കമന്‍റ് ചെയ്തിട്ടുള്ളത്. 2026 ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകുമെന്നാണ് ബിനീഷ് ബാസ്റ്റിന്‍ അറിയിച്ചിരിക്കുന്നത്.