ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാനാകുന്ന ഒരിടമായി സോഷ്യല്‍മീഡിയ മാറിക്കഴിഞ്ഞു. സോഷ്യലിടങ്ങളില്‍ സെലിബ്രിറ്റികളുടെ വിഡിയോകള്‍ മോശം തലക്കെട്ടുകളോടെ പ്രചരിക്കുന്നത് പതിവാണ്. ജയറാമിന്‍റെ മകള്‍ മാളവിക ഇത്തരത്തില്‍ അടുത്തിടെ കടുത്ത സൈബര്‍ ആക്രമണത്തിനാണ് ഇരയായത്.
മാളവികയെ മോശമായി ചിത്രികരിച്ചുകൊണ്ടുള്ള വിഡിയോകള്‍ സൈബറിടത്ത് പ്രചരിച്ചിരുന്നു. ഇത്തരം വിഡിയോകള്‍ക്ക് കീഴില്‍ മാളവികയെക്കുറിച്ച് പലരും മോശമായ രീതിയില്‍ അഭിപ്രായ പ്രകടനവും നടത്തിയിരുന്നു. ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് മാളവികയുടെ സഹോദരനും നടനുമായ കാളിദാസ് ജയറാം. ഇത്തരം സൈബര്‍ബുള്ളിയിങ് നടത്തുവരെ തല്ലണമെന്നുണ്ട് എന്നാല്‍ അതും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് കാളിദാസ് പറയുന്നത്. അവതാരകയായ രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്.
'മോശം കമന്‍റിടുന്നവരോട് പോയിട്ട് അങ്ങനെ ചെയ്യരുതെന്ന് പറയാന്‍ പറ്റില്ല. അത് അവരുടെ ഇഷ്ടം ആണല്ലോ. എനിക്കതില്‍ പേടിയില്ല പക്ഷേ അത്തരം കമന്‍റുകള്‍ മോശമായി ബാധിക്കുന്ന ആളുകളെ എനിക്കറിയാം. ചക്കിയെക്കുറിച്ച് ചിലര്‍ വിഡിയോ ഇടുന്നു, അതിന് ചിലര്‍ കമന്‍റിടുന്നു. ഒരു സഹോദരന്‍ എന്ന രീതിയില്‍ അങ്ങനെ പറയുന്നവരെ ഇടിക്കണമെന്നുണ്ട്. പക്ഷേ ഞാന്‍ അങ്ങനെ ചെയ്താല്‍ എന്തു പറ്റും. കാളിദാസന്‍ ഒരാളെ ഇടിച്ചു എന്നായിരിക്കും അടുത്തത് വരുന്നത്. അപ്പോള്‍ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും' എന്നാണ് കാളിദാസ് പറയുന്നത്.