പ്രേമലുവിന്‍റെ വൻ വിജയത്തിന് ശേഷം തമിഴ് സിനിമയിൽ സജീവമായതിന്‍റെ കാരണങ്ങൾ വെളിപ്പെടുത്തി നടി മമിത ബൈജു. പ്രദീപ് രംഗനാഥനൊപ്പമുള്ള പുതിയ ചിത്രമായ 'ഡ്യൂഡി'ന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. പ്രേമലുവിന് ശേഷം വളരെ കുറച്ച് ഓഫര്‍ മാത്രമാണ് മലയാളത്തില്‍ നിന്ന് വന്നത്. എന്നാല്‍ തമിഴില്‍ വ്യത്യസ്തതയുള്ള ഒട്ടേറെ കഥാപാത്രങ്ങളെ ലഭിച്ചു. അതുകൊണ്ടാണ് തമിഴില്‍ സജീവമായതെന്നും മമിത മനോരമ ന്യൂസിനോട് പറഞ്ഞു.
എത്ര തമിഴ് പടത്തിൽ അഭിനയിച്ചാലും തമിഴ് പൊണ്ണല്ല, മലയാളി പെൺകുട്ടി തന്നെയാണ് താന്‍. കൂടുതൽ തമിഴ് സിനിമകളുടെ കഥ കേട്ടു. വളരെ നല്ല വേഷങ്ങളായതിനാല്‍ അവ ചെയ്തു എന്നുമാത്രം. എനിക്ക് മലയാളം ചെയ്യാനാണ് കൂടുതൽ ആഗ്രഹമെന്നും താരം വെളിപ്പെടുത്തി.
ഒരു വര്‍ഷത്തിലധികമായി തമിഴില്‍ സജീവമായതിനാല്‍ തമിഴ് എഴുതാനും വായിക്കാനും പഠിച്ചുവെന്നും മമിത പറഞ്ഞു. പ്രദീപ് രംഗനാഥന്‍റെ ചിത്രത്തില്‍ സഹകരിക്കുമ്പോള്‍ ഒരു സുഹൃത്തിനൊപ്പം ജോലി ചെയ്യുന്ന അനുഭവമാണുണ്ടായത്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നും താരം പറഞ്ഞു. ദീപാവലി റിലീസായെത്തുന്ന 'ഡ്യൂഡ്' എന്ന ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ച് എല്ലാവരെയും പോലെ തനിക്കും ആകാംഷയുണ്ടെന്നും മമിത വ്യക്തമാക്കി.
മമിതയുടെ വാക്കുകളിങ്ങനെ,
പ്രേമലു ചിത്രം കഴിഞ്ഞ് എന്നെ മലയാളത്തില്‍ കാണാത്തതിന് കാരണം അതുകഴിഞ്ഞ് ഞാന്‍ സിനിമ ചെയ്തുകൊണ്ടിരുന്നതെല്ലാം തമിഴ് ആയിരുന്നു. പ്രദീപ് രംഗനാഥന്‍റെ കൂടെ വര്‍ക്ക് ചെയ്തത് അടിപൊളിയായിരുന്നു. സംവിധായകന്‍ കൂടിയായതിനാല്‍ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നിരുന്നു. വളരെ ഹെല്‍പായിരുന്നു. പ്രദീപ് സാറിന്‍റെ കൂടെ വർക്ക് ചെയ്യുന്നത് നമുക്ക് ഒരു ഫ്രണ്ടിന്‍റെ കൂടെ വർക്ക് ചെയ്യുന്നത് എങ്ങനെയാണോ അതുപോലെയാണ്. പുതിയ സിനിമയായ ഡ്യൂഡിനെ കുറിച്ച് പേടിയും അതേസമയം വളരെയധികം ആകാംഷയുമുണ്ട്.
തമിഴില്‍ ഇഷ്ടം പോലെ സിനിമകള്‍ ചെയ്താലും മലയാളത്തിന്‍റെ അത്രയും തമിഴ് ഫ്ലൂവന്റ് ആയിട്ടില്ല. പക്ഷേ അത്യാവശ്യം തമിഴ് പഠിച്ചു, വായിക്കാനും എഴുതാനും ഒക്കെ ഞാൻ പഠിച്ചു. തമിഴ് പൊണ്ണായി മാറുകയല്ല... എനിക്ക് ആ സമയത്ത് വന്നിരുന്ന പടങ്ങൾ കൂടുതൽ തമിഴ് ആണ് കാരണം ക്യാരക്ടേഴ്സ് അതുപോലെ വ്യത്യസ്തമായി കിട്ടിയത് തമിഴിലാണ്.
മലയാളത്തിൽ പ്രേമലു കഴിഞ്ഞിട്ട് വളരെ ചുരുക്കം കഥകളാണ് എന്നിലേക്ക് മലയാളം വന്നത്. അപ്പോ ആ സമയത്ത് വേറെ എനിക്ക് ചെയ്യാൻ ഒന്നുമില്ലാത്തതുകൊണ്ട് കൂടുതൽ തമിഴ് സിനിമകളുടെ സ്ക്രിപ്റ്റ് കേട്ടു, ക്യാരക്ടര്‍ ഭയങ്കര ഇൻട്രസ്റ്റിംഗ് ആയപ്പോ ആ സിനിമകള്‍ ചെയ്തു എന്നു മാത്രം. എനിക്ക് മലയാളം ചെയ്യാനാണ് ഏറ്റവും കൂടുതൽ ആഗ്രഹം. മലയാളിലേക്കുള്ള മടങ്ങിവരവ് എന്നു പറയാന്‍ ഞാന്‍ എങ്ങും പോയിട്ടില്ല. പ്രേമലു 2 ന്‍റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പറയാനില്ല.