മോഹൻലാലിനെ ഫോണിൽ വിളിച്ച് റിലീസ് തീയതി മാറ്റാമോ എന്ന് അപേക്ഷിക്കുന്ന ഒരു തമാശ വിഡിയോ പങ്കുവെച്ച് നടന്‍ ഷറഫുദ്ദീന്‍. തന്‍റെ പുതിയ ചിത്രമായ പെറ്റ് ഡിറ്റക്ടീവിന്‍റെ പ്രമോഷന്‍റെ ഭാഗമായി ചെയ്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹൻലാലിനെ ഫോണിൽ വിളിച്ച് രാവണപ്രഭു റിലീസ് തീയതി മാറ്റാമോയെന്നാണ് ഷറഫുദ്ദീൻ ആദ്യം ചോദിക്കുന്നത്.
കൈയ്യിലുള്ള പൈസ മുഴുവൻ ഇട്ടിട്ടാണ് ഈ സിനിമ ചെയ്തതെന്നും രണ്ടു മോഹൻലാലിനെ താങ്ങാൻ കഴിയില്ലെന്നും നടൻ പറഞ്ഞു. 'ഇത് ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് മോനെ' എന്ന രാവണപ്രഭുവിലെ മാസ്സ് ഡയലോഗ് പറഞ്ഞാണ് മോഹൻലാൽ ഫോൺവിളി അവസാനിപ്പിക്കുന്നത്. ലാലേട്ടന്‍ റിലീസ് മാറ്റാത്തതുകൊണ്ട് പെറ്റ് ഡിറ്റക്ടീവിന്‍റെ റിലീസ് ഒക്ടോബർ പതിനാറാം തീയതിയിലേക്ക് മാറ്റിയെന്നും ഷറഫുദ്ദീന്‍ വിഡിയോയില്‍ പറയുന്നു.
ലാലേട്ടന്‍റെ അനുവാദത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന ക്യാപ്ഷനോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ആരാധകരും സിനിമാപ്രേമികളും ഇരുകയ്യും നീട്ടിയാണ് ഈ പ്രമോ വിഡിയോയയെ സ്വീകരിച്ചത്. ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ നിർമ്മിക്കുന്ന ചിത്രം 'പെറ്റ് ഡിറ്റക്ടീവ്' വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒക്ടോബർ 16 ന് സിനിമ തിയറ്ററുകളിലെത്തും.