മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനംചെയ്ത 'രാവണപ്രഭു'വിന്റെ 4K അറ്റ്‌മോസ് പതിപ്പ് തിയറ്ററുകളിലെത്തി. 4K-യില്‍ റീസ്റ്റോര്‍ ചെയ്ത ചിത്രം നൂതന- ദൃശ്യ ശബ്ദവിസ്മയത്തോടെ ആഘോഷമാക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ രാവണപ്രഭു’ കാണാൻ ഫ്ലൈറ്റ് പിടിച്ചെത്തിയിരിക്കുകയാണ് തുപ്പാക്കി സിനിമയിലെ വിജയുടെ സഹോദരി നടി ദീപ്തി നമ്പ്യാർ.
ജനിച്ചു വളർന്നതെല്ലാം പൂണൈയിലും മുംബൈയിലും ഒക്കെ ആയിരുന്നെങ്കിലും എന്നും മോഹൻലാലിന്റെ ആരാധികയായിരുന്നു താനെന്ന് താരം തുറന്നു പറഞ്ഞു. റീ-റിലീസ് ചെയ്ത 'രാവണപ്രഭു' മോഹൻലാൽ ആരാധകർ വലിയ ആഘോഷമാക്കുന്നതിൻ്റെ ആവേശവും ദീപ്തി പങ്കുവച്ചു.
‘ഞാൻ ജനിച്ചു വളർന്നതെല്ലാം പൂനെയിലും ബോംബെയിലും ആണ് പക്ഷേ എനിക്ക് ഷാറുഖ് ഖാനെക്കാളും ആമിർ ഖാനേക്കാളും ഇഷ്ടം ലാലേട്ടനെ തന്നെ ആണ്. ലാലേട്ടന് ഇതവണ വേറെ ഒരു ലെവൽ വർഷം ആയിരുന്നു. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് കിട്ടി, മറ്റു പല പുരസ്കാരങ്ങളും കിട്ടുന്നു, സിനിമകൾ കോടി കോടി ക്ലബ്ബിൽ ഇടം നേടുന്നു. റീ റിലീസ് പടങ്ങളും ഇത്രയധികം വിജയിച്ചു. വലിയ സന്തോഷമുണ്ട്.’ -ദീപ്തി നമ്പ്യാർ പറയുന്നു.