Image Credit : Instagram/Facebook

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ മകനും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ ചെറുമകനുമായ ഇന്‍ബന്‍ ഉദയനിധി സിനിമയിലേക്ക് ചുവടുവയ്ക്കുന്നതായി റിപ്പോര്‍ട്ട്. മാരി സെല്‍വരാജ് ചിത്രത്തിലൂടെയായിരിക്കും ഇന്‍ബന്‍റെ സിനിമാ അരങ്ങേറ്റം എന്നാണ് സൂചന. പിതാവ് ഉദയനിധി സ്റ്റാലിന്‍ സ്ഥാപിച്ച റെഡ് ജയന്റ് മൂവീസ് എന്ന നിർമ്മാണ കമ്പനിയുടെ ചുമതല ഏറ്റെടുത്തതിന് പിന്നാലെ ഇൻബൻ അഭിനയത്തിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്‍ബനോ കുടുംബമോ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. 

രാഷ്ട്രീയവും സിനിമയും ഒരുപോലെ കണ്ടുവളര്‍ന്ന ഇന്‍ബന് ക്യാമറയും ആള്‍ക്കൂട്ടമൊന്നും പുതിയ അനുഭവമല്ല.  20 വയസുകാരനായ ഇന്‍ബനാണ് ഇപ്പോള്‍ റെഡ് ജയന്റ് മൂവീസിന്‍റെ ചുമതല നിര്‍വഹിക്കുന്നത്. മാരി സെൽവരാജിന്റെ അടുത്ത ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാകും ഇന്‍ബന്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കം തന്നെ മാരി സെല്‍വരാജ് ചിത്രമായതിനാല്‍ അഭിനയമേഖലയില്‍ തന്‍റേതായ സ്ഥാനം ഉറപ്പിക്കാന്‍ ഇന്‍ബന് അധികം സമയം വേണ്ടിവരില്ലെന്നും സോഷ്യല്‍ ലോകം പറയുന്നു.

മാരി സെൽവരാജിന്റെ ബൈസൺ കാലമാടൻ എന്ന ചിത്രത്തിന് ശേഷവും ധനുഷിന്റെ പേരിടാത്ത ഡി56 എന്ന ചിത്രത്തിന് മുൻപുമാകും ഇൻബൻ നായകനാവുന്ന സിനിമ ആരംഭിക്കുക. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍  ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. സിനിമാ പ്രവേശനത്തിന്‍റെ ഭാഗമായി നിരവധി അഭിനയ ക്ലാസുകളിലും വർക്ക്‌ഷോപ്പുകളിലും പങ്കെടുക്കുന്ന ഇന്‍‍ബന്‍റെ വിഡിയോസ് കഴിഞ്ഞ കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി കണ്ടുവന്നിരുന്നു. ഉടന്‍ തന്നെ ഇന്‍ബന്‍റെ ആദ്യ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. 

ENGLISH SUMMARY:

Inban Udhayanidhi is reportedly making his acting debut in a Mari Selvaraj film. As the grandson of MK Stalin and son of Udhayanidhi Stalin, his entry into cinema follows his role at Red Giant Movies.