lokah-chandra

മലയാളത്തിലെ സര്‍വകാല റെക്കോര്‍ഡുകളും തകര്‍ത്താണ് ഡൊമിനിക് അരുണിന്‍റെ കല്യാണി ചിത്രം ലോക ഇന്‍ഡസ്ട്രി ഹിറ്റടിച്ചത്. മലയാള സിനിമയില്‍ സ്്ത്രീകളുടെ പ്രധാന്യം കുറയുന്നതിനെ ചോദ്യം ചെയ്ത പാര്‍വതി തിരുവോത്തിനും ദര്‍ശന രാജേന്ദ്രനും അവകാശപ്പെട്ടതാണ് ലോകയുടെ വിജയമെന്ന് ആദ്യം പറ‍ഞ്ഞത് നടി നൈല ഉഷയാണ്. പിന്നാലെ അനുകൂലിച്ചും എതിര്‍ത്തും പലരും വന്നു. മലയാള സിനിമയില്‍ ‍ഞങ്ങള്‍ ആഗ്രഹിച്ച ഒരു ഷിഫ്റ്റിന്‍റെ  തുടക്കമാണ് ഇതെന്നായിരുന്നു  റിമ കല്ലിങ്കിലിന്‍റെ പ്രതികരണം. 

ലോകയുടെ വിജയം മലയാള സിനിമയിലുണ്ടായ വലിയ മാറ്റത്തിന്‍റെ തുടക്കമോ തുടര്‍ച്ചയോ ആണോ?  സ്ത്രീ കേന്ദ്രീകൃത സിനിമകളോടുള്ള മലയാള സിനിമയുടെ മനോഭാവത്തില്‍ മാറ്റം വന്നോ?  സംവിധായകര്‍ സംസാരിക്കുന്നു.

tharun-murthy

അത്രയും ആത്മവിശ്വാസമുണ്ടായിരുന്നെങ്കില്‍ കാമിയോ റോളുകള്‍ എന്തിന് ?:  തരുണ്‍ മൂര്‍ത്തി 

ഒരു സിനിമ ആദ്യം ഉണ്ടാകുന്നത് പേപ്പറിലാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയുടെ നട്ടെല്ല് തിരക്കഥയാണ്. ബാക്കിയൊക്കെ പിന്നെയാണ് വരുന്നത്. ഏതുപക്ഷത്തെ കുറിച്ച് സംസാരിക്കുന്ന സിനിമയാണെങ്കിലും മികച്ച തിരക്കഥയല്ലെങ്കില്‍,  സിനിമയിലേക്ക് പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ ചിത്രം വിജയിക്കില്ല.  പ്രൊഡക്ഷന്‍ ക്വാളിറ്റി വലിയ ഘടകമാണ്.

വടക്കന്‍ വീരഗാഥയില്‍ ചന്തു ആഘോഷിക്കപ്പെട്ട പോലെ തന്നെ ഉണ്ണിയാര്‍ച്ചയും സെലിബ്രേറ്റ് ചെയ്യപ്പെട്ടു. ഫഹദ് അഭിനയിച്ചിട്ടും 22 ഫീമെയില്‍ കോട്ടയം, ഞാന്‍ കണ്ടത് റിമയുടെ സിനിമയായിട്ടാണ്. എഴുത്തിലും അവതരണത്തിലും  ഒരു കഥാപാത്രത്തെ നന്നാക്കാന്‍ എഴുത്തുകാരനും സംവിധായകനും പണിയെടുത്തിട്ടുണ്ടെങ്കില്‍ ആ കഥാപാത്രം മികച്ചതാകും. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും. ഇവിടെ ഏതെങ്കിലും സിനിമകള്‍ അത്  സ്ത്രീപക്ഷമോ  പുരുഷ പക്ഷമോ ആകട്ടെ, ചര്‍ച്ച ചെയ്യപ്പെടാതെയോ വിജയിക്കാതെയോ പോയിട്ടുണ്ടെങ്കില്‍ അത് ആ സിനിമയുടെ തിരക്കഥയുടെയോ സംവിധായകന്‍റെയോ  മാര്‍ക്കറ്റിങ്ങിന്‍റെയോ  പ്രശ്നം മാത്രമാണ്. 

സൗദി വെള്ളയ്ക്ക്, 85 വയസുള്ള ഒരു അമ്മയുടെ കഥയാണ്. ഒരു സംഘടനയിലുമില്ലാത്ത സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ഒരാള്‍ ചെയ്ത സിനിമ, ആ സിനിമ ചര്‍ച്ച ചെയ്യപ്പെട്ടില്ലേ? 50 ദിവസം തീയേറ്ററില്‍ ഓടിയില്ലേ? സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ വിജയിക്കില്ലെന്ന ഒരു പൊതുബോധം  സിനിമയ്ക്കകത്ത് തന്നെയുള്ളതാണ്. അതുപക്ഷേ പ്രേക്ഷകര്‍ക്കില്ല. ഒരു സിനിമയുടെ വിജയത്തില്‍ സ്ത്രീപക്ഷമെന്നോ പുരുഷപക്ഷമെന്നോ വേര്‍തിരിച്ച് കാണേണ്ടതില്ല. തിരക്കഥ തന്നെയാണ് അടിസ്ഥാനം. മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും സിനിമ വരെ തീയേറ്ററില്‍ പരാജയപ്പെടുന്നില്ലേ?  നല്ല സിനിമ അല്ലെങ്കില്‍ മോശം സിനിമ എന്ന  വിലയിരുത്തല്‍ മാത്രമേ പ്രേക്ഷകര്‍ക്കുള്ളൂ .  

ലോക പ്രേക്ഷകര്‍ കണ്ടത് സ്ത്രീപക്ഷ സിനിമയായിട്ടല്ല, ലോക ഒരു ഫാന്‍റസി യൂണിവേഴ്സ് ആണ്. സ്ത്രീപക്ഷ സിനിമയാണെന്നതില്‍ അത്രയും കോണ്‍ഫിഡന്‍സുണ്ടായിരുന്നെങ്കില്‍  മമ്മൂട്ടി, ടോവിനോ, ദുല്‍ഖര്‍ തുടങ്ങിയവരുടെ കാമിയോ റോളുകള്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലല്ലോയെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയാലും തെറ്റില്ലല്ലോ. അപ്പോള്‍  മാര്‍ക്കറ്റിങ് ഘടകങ്ങള്‍ തന്നെയാണ് ഈ കാമിയോ റോളുകള്‍.  

jude-antony-joseph

സിനിമയുടെ വിജയത്തില്‍ ജെന്‍ഡര്‍ ബാരിയറില്ല : ജൂഡ് ആന്റണി ജോസഫ്

ഇതുവരെ കാണാത്ത പുതിയ ഒരു കാഴ്ചാനുഭവമാണ് ലോക. പുതിയ ആശയം, മികച്ച മേയ്ക്കിങ് മലയാള സിനിമ ഇതുവരെ അനുഭവിച്ചറിയാത്ത ലോകമാണ് ലോകയിലൂടെ കണ്ടത്. അതുതന്നെയാണ് ആ ചിത്രത്തിന്‍റെ വിജയത്തിന് കാരണമെന്ന് ഞാൻ കരുതുന്നു.  വിജയത്തിന്‍റെ ക്രെഡിറ്റ് പൂർണമായും ആ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്ക് മാത്രമാണ്. മലയാള സിനിമയിൽ ജെൻഡർ വൈസ് ഏതെങ്കിലും തരത്തിലുള്ള ഷിഫ്റ്റ് സംഭവിച്ചതായോ അത് ലോകയ്ക്ക് ഗുണം ചെയ്തെന്നോ ഞാൻ കരുതുന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ അത് ലോകയ്ക്ക് മുൻപ് പ്രതിഫലിക്കുകമായിരുന്നു. അങ്ങനെയുണ്ടായിട്ടില്ലല്ലോ. അങ്ങനെ ഒരു ഷിഫ്റ്റ് ഉണ്ടായിരുന്നെങ്കിൽ കല്യാണി കേന്ദ്രകഥാപാത്രമായി എത്തുന്ന ലോകയ്ക്കായി വലിയൊരു പ്രേക്ഷകവിഭാ​ഗം ഇവിടെ കാത്തിരിക്കണമായിരുന്നല്ലോ. 

നായകകേന്ദ്രീകൃതമായാലും  നായികയ്ക്ക് പ്രാമുഖ്യമുള്ളതായാലും  നല്ല സിനിമകൾ ഇവിടെ വിജയിക്കും. അതിൽ മാറ്റമൊന്നുമില്ല. അതിനിടെ പ്രത്യേകിച്ച് ഒരു സ്പേസ് ആരും ഉണ്ടാകേണ്ടതായി ഉണ്ടെന്ന് തോന്നുന്നില്ല. മലയാള സിനിമയുടെ ആദ്യ കാലം മുതൽ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. നല്ല സിനിമകൾ പ്രേക്ഷകർ വിജയിപ്പിക്കും. അതിൽ ജെൻഡർ ബാരിയറൊന്നുമില്ല. പിന്നെ ഇപ്പോഴുള്ള ഈ വിവാദം ഇല്ലാത്ത ഒരു പാലത്തെ കുറിച്ചുള്ള ചർച്ച പോലെയാണ്. ആദ്യം പാലം ഉണ്ടാക്കട്ടെ. എന്നിട്ട് ചർച്ച ചെയ്യാമെന്നാണ് ഇക്കാര്യത്തിൽ പറയാനുള്ളത്

girish-ad

സിനിമ വിജയിക്കുമ്പോഴുണ്ടാകുന്ന ഇത്തരം അവകാശവാദങ്ങളോട് യോജിപ്പില്ല: ഗിരീഷ് എ ഡി

പ്രേക്ഷകരിലെ തലമുറ മാറ്റം സിനിമയോടുള്ള കാഴ്ചപ്പാടിൽ വലിയ മാറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മുൻപത്തെ പോലെ സ്റ്റാർ കാസ്റ്റ് ഒന്നും വേണമെന്നില്ല, സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ വിജയിപ്പിക്കും. അവിടെ നായകന് പ്രാധാന്യമുള്ള ചിത്രമാണോ നായികയ്ക്ക് പ്രാധാന്യമുള്ള എന്നതൊന്നും മാനദണ്ഡമാകുന്നില്ലെന്ന് വേണം കരുതാൻ. അത് സിനിമയ്ക്കും പ്രേക്ഷകർക്കും കാലാസൃതമായി ഉണ്ടായിട്ടുള്ള മാറ്റമാണ്. സ്ത്രീപക്ഷ സിനിമയ്ക്ക് മാസീവ് സപ്പോർട്ട് ലഭിക്കുന്ന സാഹചര്യമോ, സ്ത്രീപക്ഷ സിനിമയായത് കൊണ്ട് വിജയിപ്പിക്കാമെന്ന് കരുതുന്നവരോ ഇവിടെയില്ല. ഇവിടെയുണ്ടായിട്ടുള്ള പ്രധാനമാറ്റം മുൻവിധികളില്ലാതെ പ്രേക്ഷകർ സിനിമ കാണാൻ തുടങ്ങി എന്നത് മാത്രമാണ്. അതുപക്ഷേ നല്ല മാറ്റമാണ്. മുൻപ് സ്ത്രീ കേന്ദ്രീകൃത സിനിമകളെടുക്കാൻ ധൈര്യമുള്ള നിർമാതാക്കൾ കുറവായിരുന്നു. അതിനൊക്കെ മാറ്റം വന്നിട്ട് കുറേ കാലമായി. സൂപ്പർ ശരണ്യ പോലുള്ള സിനിമകൾക്ക് പണം മുടക്കാൻ നിർമാതാക്കളുണ്ടായത് അതിന് തെളിവാണ്.

ഇവിടെ സംഭവിക്കുന്നത് കാലഘട്ടത്തിന്‍റെ ഷിഫ്റ്റാണ്, അത് ഒരു ദിവസം കൊണ്ടോ ഏതെങ്കിലും വ്യക്തികളുടെ ഇടപെടൽ കൊണ്ടോ ഉണ്ടാകുന്നതല്ല. വളരെ പതുക്കെ സംഭവിക്കുന്ന ഒരു പ്രൊസസ് ആണ് അത്. സൊസൈറ്റി പ്രോഗ്രസീവാകുന്നതിന്റെ പ്രതിഫലനം സിനിമയിലും ഉണ്ടാകും. സിനിമ വിജയിക്കുമ്പോൾ മാത്രമാണല്ലോ ഇത്തരം അവകാശവാദങ്ങളുണ്ടാകുന്നത്. അതിനോട് പൊതുവിൽ യോജിപ്പില്ല.

അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ മൂഢസ്വർ​ഗത്തില്‍: സിബി മലയിൽ

എല്ലാ മേഖലയിലും ഉണ്ടാകുന്ന മാറ്റം മലയാള സിനിമയിലും പൊതുവിൽ പ്രതിഫലിക്കുന്നുണ്ട്. ലോക പോലുള്ള സിനിമകൾ പുതുതലമുറ സിനിമകളാണ്. ജനറേഷൻ ഷിഫ്റ്റാണ് ഇവിടെ സംഭവിക്കുന്നത്. ഇൻഡസ്ട്രിക്ക്  അകത്ത് മാത്രമായി ഏതെങ്കിലും ഷിഫ്റ്റ് സംഭവിക്കുന്നുണ്ടെന്നോ സിനിമയ്ക്ക് വേണ്ടി ആരെങ്കിലും നടത്തുന്ന പോരാട്ടങ്ങൾ വിജയത്തിലേക്കെത്തുന്നതാണ് ഇതെന്നോ ഒക്കെയുള്ള വിലയിരുത്തലുകൾ ബാലിശമാണ്. അത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ മൂഢസ്വർ​ഗത്തിലാണെന്നെ പറയാനാകൂ.

എല്ലാ കാലത്തും നല്ല സിനിമകൾ വിജയിക്കണം. അത് സ്ത്രീ കേന്ദ്രീകൃത സിനിമകളാണെങ്കിൽ കുറച്ചുകൂടി സന്തോഷം. കാരണം പുതിയ കഥകൾ പരീക്ഷിക്കാൻ അത് നൽകുന്ന ധൈര്യം ചെറുതല്ല. 80 കളിലും തൊണ്ണൂറുകളിലുമൊക്കെ ധാരാളം സ്ത്രീപക്ഷ സിനിമകൾ മലയാളത്തിലുണ്ടായിരുന്നു. അവയിലേറെയും വിജയിക്കുകയും ചെയ്തിരുന്നു. ആ സ്പേസ് വീണ്ടും ഉണ്ടാകുന്നതിൽ സന്തോഷമുണ്ട്.

kamal-director

മാറ്റം സ്വാഭാവികം : കമൽ

ലോക പുതിയ കാലത്തിന്‍റെ സിനിമയാണ്. പത്തുവർഷത്തിന് മുൻപോ പത്തുവർഷത്തിന് ശേഷമോ ചിലപ്പോ പ്രസക്തി ഉണ്ടാകണമെന്നില്ല. ലോക ഇന്നത്തെ കാലത്തെ സിനിമയാണ്. ഹോളിവുഡ് സിനിമകളൊക്കെ കണ്ട് ഫാന്‍റസി  ലോകത്ത് ജീവിക്കാൻ ആ​ഗ്രഹിക്കുന്ന പുതിയ തലമുറയുടെ സിനിമ, ലോകയുടെ ആശയവും ട്രീറ്റ്മെന്‍റുമെല്ലാമാണ്  വിജയത്തിന്‍റെ പ്രധാനഘടകം. അതിന്‍റെ വിജയ ശിൽപികൾ ആ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ തന്നെയാണ്.

സ്ത്രീപക്ഷ സിനിമകൾക്ക് ആദ്യഘട്ടത്തിലുണ്ടായിരുന്ന ഒരു വിസിബിലിറ്റി കഴിഞ്ഞ കുറേ കാലങ്ങളായി ഉണ്ടായിരുന്നില്ല എന്നതൊരു വസ്തുതയാണ്. അപ്പോഴും ഇത് ആദ്യമാണ് എന്ന തരത്തിലുള്ള വാദങ്ങളെ അം​ഗീകരിക്കാനാകില്ല. സിനിമ വിജയിക്കുമ്പോൾ സ്ത്രീകൾക്ക് ക്രെഡിറ്റ് നൽകിയിരുന്നില്ല എന്ന വാദവും പൊള്ളയാണ്. തുലാഭാരം, ശാരദയ്ക്ക് ​ദേശീയ അവാർഡ് ലഭിച്ച സിനിമയാണ്. ഒരു പെണ്ണിന്റെ കഥ , ഷീല നായികയായ ചിത്രമാണ്. അന്നത്തെ മുൻനിര താരമായ സത്യൻ ആ ചിത്രത്തിൽ വില്ലനാണ്. സ്വയംവരം ശാരദയുടെ സിനിമയാണ്. 

അതുപോലെ അവളുടെ രാവുകൾ അക്കാലത്തെ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. അപ്പോൾ ഇവിടെ സ്ത്രീപക്ഷ സിനിമകൾ ഉണ്ടായിട്ടുണ്ട്, വിജയിച്ചിട്ടുണ്ട്. അതിന്‍റെ ക്രെഡിറ്റ് അവർക്ക് കിട്ടിയിട്ടുമുണ്ട്. പക്ഷേ പിൽക്കാലത്ത് ഹീറോ മസിൽ പവർ മാസ് മസാല ചേരുവയിലേക്ക് സിനിമ മാറി. സ്ത്രീപക്ഷ സിനിമകളുടെ വിസിബിലിറ്റി കുറഞ്ഞിരിന്നു എന്നത് വസ്തുതയാണ്. ആ വിസിബിലിറ്റി തിരികെ ലഭിക്കുന്നത് ഞങ്ങളുടെ കൂടി വിജയമാണ് എന്നു മലയാള സിനിമയിൽ ആരെങ്കിലും പറഞ്ഞാൽ അത് സത്യമാണ്. അത് സ്വഭാവികമായി സംഭവിക്കുന്ന ഷിഫ്റ്റുമാണ്. അതല്ലാതെ ആരെങ്കിലും സ്പേസ് ഉണ്ടാക്കി കൊടുക്കുന്നത് കൊണ്ടാണ് ഈ മാറ്റങ്ങളുണ്ടാകുന്നത് എന്ന് വിലയിരുത്തുന്നതിനോട് യോജിക്കാനാകില്ല. ഉള്ളൊഴുക്ക് അടുത്തിടെ വന്ന മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നാണ്. അത് ആരുടെ സിനിമയായി ആണ് വിലയിരുത്തപ്പെട്ടത് എന്ന് ഒന്ന് ആലോചിച്ച് നോക്കൂ.

ഒരു മാറ്റത്തിന്‍റെ തുടക്കം മാത്രമാണ്: ശ്രുതി  ശരണ്യം 

ലോകയുടെ വിജയം ഇവിടെ ഒരു ഷിഫ്റ്റ് സംഭവിച്ചു തുടങ്ങി എന്നതിന്‍റെ തെളിവ് തന്നെയാണ്.  ആ ഷിഫ്റ്റ് ഇല്ലായിരുന്നെങ്കിൽ  ഫീമെയിൽ സൂപ്പർ ഹീറോയ്ക്ക് പകരം ഒരു മെയിൽ സൂപ്പർ ഹിറോയെ മാത്രമേ നമുക്ക് ഇവിടെ പ്രതീക്ഷിക്കാനാകൂ. വണ്ടർ വുമൺ പോലെയുള്ള ഹോളിവുഡ് ചിത്രങ്ങൾ കാണുന്ന നമുടെ പ്രേക്ഷകർ മലയാളത്തിലെ ഫീമെയിൽ സൂപ്പർ ഹീറോയെ ഏറ്റെടുക്കാൻ തയാറായി എന്നത് സന്തോഷമാണ് അഭിമാനമാണ്.  മാത്രമല്ല എഴുത്തുകാരിൽ ഒരാൾ വനിത ആണെന്നതും ആ സന്തോഷം ഇരട്ടിപ്പിക്കുന്നു. 

ഷിഫ്റ്റ് സംഭവിക്കുന്നുണ്ടെങ്കിലും അതൊരു വളരെ സ്ലോ പ്രൊസസ് ആണ്. ലോകയിൽ തന്നെ കോൺടൻ്റ് + ഷിഫ്റ്റ് ആണ് വിജയത്തിലേക്ക് എത്തിയത്.  അങ്ങനെ മാത്രമേ കാണാനാകൂ. ഫീമെയിൽ ഓറിയന്‍റഡകുമ്പോഴും പ്രേക്ഷകരെ ആകർഷിക്കുന്ന, എന്‍റര്‍ടെയ്ൻ ചെയ്യിക്കുന്ന പ്രമേയം ആവശ്യമാണ്. അതില്ലെങ്കിൽ സിനിമ വിജയിക്കില്ല.  

നമ്മൾ ചെയ്യുന്ന സിനിമയുടെ പേരിൽ ലേബൽ ചെയ്യപ്പെടുന്നു എന്നുള്ളതാണ് മറ്റൊരു പ്രതിസന്ധി. അതിന് ജെൻഡർ വ്യത്യാസമില്ല. അവാർഡ് സിനിമ , മാസ് സിനിമ എന്നിങ്ങനെയുള്ള വേർതിരിവുകൾ ഇപ്പോഴുമുണ്ട്.  ഒരു ലേബൽ വീണാൽ മറ്റൊരു ജോണറിലുള്ള സിനിമ ചെയ്യുക അത്ര എളുപ്പമല്ല. എന്‍റെ ആദ്യ  സിനിമയുടെ ലേബലിൽ ആണ് ഇപ്പോഴും എന്നെ കാണുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ 2 വർഷമായി എന്‍റെ ഒരു കഥ കേൾക്കാൻ നിർമാതാവിനെയോ താരങ്ങളെയോ കിട്ടുന്നില്ല. പൂർണമായ ഒരു ഷിഫ്റ്റ് സംഭവിച്ചാൽ ഇത്തരം അവസ്ഥയ്ക്ക് ഒക്കെ മാറ്റം വന്നേക്കാം. അങ്ങനെ ഒരു കാലം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ENGLISH SUMMARY:

Loka's success highlights a shift in Malayalam cinema towards accepting female-centric narratives. This success reflects a broader societal change and the audience's openness to new stories and perspectives.