TOPICS COVERED

കലാഭവൻ നവാസ് അവസാനമായി അഭിനയിച്ച രണ്ട് സിനിമകളിലെ വ്യത്യസ്ത വേഷങ്ങളെക്കുറിച്ച് പറഞ്ഞ് അദ്ദേഹത്തിന്റെ മക്കൾ. ടിക്കിടാക്ക, പ്രകമ്പനം എന്നീ സിനിമകളേക്കുറിച്ചാണ് നവാസിന്റെ മക്കളുടെ കുറിപ്പ്. വാപ്പയുടെഅവസാന സിനിമകൾ ആയതുകൊണ്ട് രണ്ടും വിജയിക്കണം എന്നത് തങ്ങളുടെ വലിയ ആഗ്രഹമാണെന്ന് ഇവർ പറയുന്നു. 

വാപ്പിച്ചി പോയ വേദന നെഞ്ചിലെ ഭാരമാണ്. ഉമ്മിച്ചി ജീവിച്ചിരിക്കുന്നതുതന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണെന്നും കുറിപ്പിൽ പറയുന്നു.‘‘പ്രിയരേ, വാപ്പിച്ചി അവസാനം ചെയ്ത രണ്ട് വർക്ക് ആണ് ‘ടിക്കിടാക്ക’യും ‘പ്രകമ്പനവും’. ‘ടിക്കിടാക്ക’യിൽ വാപ്പിച്ചി ആഗ്രഹിച്ചത് പോലെ തന്നെ ആ ക്യാരക്ടർ ഇൻട്രൊ മുതൽ ക്ലൈമാക്സ് വരെ ഗംഭീരമായി വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്. 

‘ടിക്കിടാക്ക’യിൽ ഇടയിൽ ഉള്ള ഒരു ഫൈറ്റ് സ്വീക്വൻസും രണ്ട് ഷോട്ടും മാത്രം ബാക്കി ഉള്ളു. ഫൈറ്റ് സാധാരണ ഡ്യൂപ്പിനെ വെച്ചു ചെയ്യാറുള്ളതുകൊണ്ട് സമാധാനം ഉണ്ട്‌. ഈ സിനിമയുടെ മേക്കിങ് സൂപ്പർ ആണ്, അതുകൊണ്ട് തന്നെ ഫൈറ്റ് സീക്വൻസ് ഒത്തിരി ദിവസം എടുക്കും. വാപ്പിച്ചിയുടെ പെർഫോം ചെയ്യാനുള്ള ഭാഗങ്ങൾ എല്ലാം ഭാഗ്യം കൊണ്ട് ഷൂട്ട് കഴിഞ്ഞിരുന്നു, അല്ലായിരുന്നെങ്കിൽ വാപ്പിച്ചിക്ക് അത് വലിയ വിഷമമാകുമായിരുന്നു. ഈ സിനിമയിലെ വാപ്പിച്ചിയുടെ ക്ലൈമാക്സ് എല്ലാം ഗംഭീരമായി തന്നെ വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്. ‘പ്രകമ്പന’വും വ്യത്യസ്തമായ കഥാപാത്രമാണ്, അത് ഒരു പക്കാ യൂത്തിനു പറ്റിയ ഹൊറർ - കോമഡി മൂവി ആണ്. രണ്ട് മൂവിയും രണ്ട് ട്രെൻഡ് ആണ്. രണ്ട് സിനിമയും വിജയിക്കും, വാപ്പിച്ചിയുടെ അവസാന സിനിമകൾ ആയത് കൊണ്ട് രണ്ടും വിജയിക്കണം എന്നത് ഞങ്ങളുടെ വലിയ ആഗ്രഹം ആണ്, എല്ലാവരുടെയും സപ്പോർട്ട് ഈ രണ്ട് സിനിമകളുടെയും കൂടെ ഉണ്ടാവണം. വാപ്പിച്ചി പോയ വേദന ഞങ്ങളുടെ നെഞ്ചിലെ ഭാരമാണ്. ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണ്.’നവാസിന്റെ മക്കൾ കുറിച്ചു.

ENGLISH SUMMARY:

Kalabhavan Navas' last movies, Tikitaka and Prakampanam, are remembered by his children. They express their wish for both films to be successful as they were his final works.