Image Credit: Facebook.com/navas.kalabhavan.1

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു കലാഭവന്‍ നവാസിന്‍റെ വിയോഗം. മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവിൽ കണ്ണീരണിയിച്ച് കൊണ്ടുള്ള മടക്കം. ഇന്നിതാ മരിക്കുന്നതിന് തലേദിവസം നവാസ് ഭാര്യയ്ക്കു വേണ്ടി പാടിയ പാട്ടിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് മകൻ റിഹാൻ നവാസ്. നവാസിന്‍റെ ഫെയ്സ്‌ബുക്ക് പേജില്‍ പങ്കുവച്ച വിഡിയോ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.

ജൂലൈ 31-നാണ് വിഡിയോ എടുത്തത്. സിനിമയുടെ ചിത്രീകരണത്തിൽ നിന്നും ഇടവേളയെടുത്ത് ഭാര്യ രെഹ്നയ്ക്കൊപ്പം ഒരു വിവാഹത്തിൽ പങ്കെടുത്ത നവാസ് അവിടെ വച്ചാണ് രഹ്നയ്ക്കായി പാടുന്നത്. തന്റെ ഉമ്മയ്ക്കും വാപ്പച്ചിക്കും പരസ്പരം കണ്ടുമുട്ടാനും യാത്ര പറയാനും സാധിച്ച അവസാന നിമിഷങ്ങളായിരുന്നു അതെന്നും, അതാണ് അവസാന കാഴ്ചയെന്ന് ഇരുവരും ഒരിക്കലും കരുതിയിരുന്നില്ല എന്നും റിഹാൻ വിഡിയോ പങ്കുവച്ച് കുറിച്ചു. രണ്ട് ലോകത്തിരുന്ന് രണ്ട് പേരും ഇപ്പോഴും പ്രണയിക്കുന്നു എന്ന് കുറിച്ചാണ് റിഹാന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

റിഹാന്‍റെ കുറിപ്പ്...

‘പ്രിയരേ, ഇത് വാപ്പിച്ചി ഇടവേളയിൽ ഉമ്മിച്ചിക്ക് പാടി കൊടുത്ത പാട്ടാണ്. July 31st, വാപ്പിച്ചിയും ഉമ്മിച്ചിയും അറ്റൻഡ് ചെയ്ത കല്യാണം. വാപ്പിച്ചി ഞങ്ങളെ വിട്ട് പോകുന്നതിന്റെ തലേദിവസം എടുത്ത വിഡിയോ. കല്യാണത്തിന് ലൊക്കേഷനിൽ നിന്നും വരാമെന്നു പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് വർക്ക് കഴിഞ്ഞില്ല. ഉച്ചക്ക് 12:30 ആയി... ആ സമയത്ത് വന്നാൽ കല്യാണം കഴിയുമെന്ന് വാപ്പിച്ചി പറഞ്ഞെങ്കിലും. "ഉമ്മിച്ചി സമ്മതിച്ചില്ല, വാപ്പിച്ചിയെ കാണാനുള്ള കൊതി കൊണ്ട് ഉമ്മിച്ചി വാശി പിടിച്ചു, ലൊക്കേഷനിലെ ഇടവേളയിൽ ഉമ്മിച്ചിയെ കാണാൻ വാപ്പിച്ചി ഓടിയെത്തി, വാപ്പിച്ചി വളരെ Healthy ആയിരുന്നു. അവിടെ വെച്ചു അവർ അവസാനമായി കണ്ടു". രണ്ടു പേരും അറിഞ്ഞില്ല, അത് അവസാന കാഴ്ചയായിരുന്നെന്ന്. വാപ്പിച്ചി ലൊക്കേഷനിലേയ്ക്കും ഉമ്മിച്ചി വീട്ടിലേയ്ക്കും മടങ്ങി. "വാപ്പിച്ചിയും ഉമ്മിച്ചിയും രണ്ട് ലോകത്തിരുന്ന് രണ്ട് പേരും ഇപ്പോഴും പ്രണയിക്കുന്നു" most beautiful and powerful love’ 

‘നീലാകാശം നിറയെ’ എന്ന ചിത്രത്തിലാണു നവാസ് ആദ്യമായി നായകനായി എത്തിയത്. ഈ ചിത്രത്തില്‍ രഹ്നയായിരുന്നു നായിക. നവാസും രഹ്നയും ആദ്യമായി ഒന്നിച്ചഭിനയിച്ചതും ഈ ചിത്രത്തിലാണ്. 2002ലാണു സിനിമ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണു നവാസും രഹ്നയും അടുത്തതെന്നും ‌വിവാഹം ചെയ്തതെന്നും നിർമാതാവ് ജോൺ പൂക്കോയി പിന്നീട് പറഞ്ഞിരുന്നു.

Image Credit: youtube.com/@rezaentertainments7348

ഓഗസ്റ്റ് ഒന്ന് വെള്ളിയാഴ്ച വെള്ളിയാഴ്ച വൈകിട്ടാണ് ഷൂട്ടിങ് കഴിഞ്ഞെത്തിയ കലാഭവന്‍ നവാസിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിങ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസ് കുഴഞ്ഞു വീണത്. ഹൃദയാഘാതമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Beloved Malayalam actor and comedian Kalabhavan Nawaz passed away unexpectedly from a heart attack, leaving fans heartbroken. Just a day before his demise, Nawaz sang a heartfelt song for his wife Rehna at a family wedding, a moment captured on video by their son Rihan Nawaz. Shared on Nawaz’s official Facebook page, the emotional video has deeply moved fans, symbolizing his enduring love.