ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന നടനും മിമിക്രി ആർട്ടിസ്റ്റുമായ ഉല്ലാസ് പന്തളത്തിന് സഹായവുമായി ജ്വല്ലറി ഉടമ. ഒരു ലക്ഷം രൂപയാണ് ജ്വല്ലറി ഉടമ ഉല്ലാസ് പന്തളത്തിന് സഹായധനമായി നൽകിയത്. മസ്തിഷ്കാഘാതം മൂലം ഒരു വശം ഭാഗികമായി തളർച്ച നേരിടുന്ന അവസ്ഥയിലാണ് താരമിപ്പോള്‍. ജ്വല്ലറിയുടെ പരിപാടിക്ക് മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഉല്ലാസ് പന്തളത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വിവരം ആരാധകര്‍ അറിയുന്നത്.
തങ്ങളുടെ ഭാഗത്തുനിന്നും ചെറിയൊരു സംഭാവന എന്നു പറഞ്ഞാണ് ഒരു ലക്ഷം രൂപയുടെ ചെക്ക് ഉല്ലാസിന് കൈമാറിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ തുക വലിയൊരു തുക തന്നെയാണെന്ന് ലക്ഷ്മി നക്ഷത്ര പറഞ്ഞു. അടുത്ത സുഹൃത്തുക്കൾക്ക് മാത്രമാണ് തന്‍റെ രോഗാവസ്ഥയെക്കുറിച്ച് അറിയാവുന്നതെന്ന് ഉല്ലാസ് പന്തളം പരിപാടിയില്‍ പറഞ്ഞിരുന്നു. ഉല്ലാസിന്‍റെ വാക്കുകളിങ്ങനെ, ‘ആർക്കും ഇക്കാര്യം അറിയുമായിരുന്നില്ല. ആർടിസ്റ്റുകൾക്ക് മാത്രമാണ് അറിയുന്നത്. പൂർവാധികം ശക്തിയോടെ തിരിച്ചു വരും,’. വാക്കറിന്‍റെ സഹായത്തോടെ തനിക്ക് നടക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍, സംസാരം സാധാരണ നിലയിലായി വരുന്നെയുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു.
താരത്തിന്റെ ഭാര്യയും മക്കളും പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ലക്ഷ്മി നക്ഷത്രയുടെ ഇടപെടലാണ് ഉല്ലാസ് പന്തളത്തെ ഒരു പൊതുവേദിയിൽ എത്തിച്ചത്. ജ്വല്ലറിയുടെ ചടങ്ങിൽ ലക്ഷ്മിക്കൊപ്പം ഉല്ലാസ് പന്തളം ഒരു ഗാനം ആലപിക്കുകയും ചെയ്തു.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ മിമിക്രി ആർട്ടിസ്റ്റും നടനുമാണ് ഉല്ലാസ് പന്തളം. കൗണ്ടറുകളും പ്രത്യേക ശരീരഭാഷയും അവതരണത്തിലെ തമാശകളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു.