TOPICS COVERED

സിനിമയിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ശിവജി ഗുരുവായൂർ യഥാർഥ ജീവിതത്തിൽ സ്വന്തം ജീവിതം കൊണ്ട് നമ്മെ പലതും പഠിപ്പിക്കുന്ന ‘വീരനായകനാ’ണെന്ന് നടൻ നിയാസ് ബക്കെർ. സോഷ്യല്‍മീഡിയയിലൂടെയാണ് നിയാസ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. അദ്ദേഹത്തിന്റെ പരിചയത്തിലുള്ള വയോധികരായ രണ്ട് മനുഷ്യരെ ദത്തെടുത്ത് സ്വന്തം വീട്ടിൽ താമസിപ്പിക്കുകയും അവർക്കായി ഭൂമി നീക്കി വയ്ക്കുകയും ചെയ്ത വ്യക്തിയാണ് ശിവജി ഗുരുവായൂർ എന്ന് നിയാസ് കുറിച്ചു. 

ഗുരുവായൂർ മെട്രോ ലിങ്ക്സ് കുടുംബസംഗമ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ശിവജി ഗുരുവായൂരിന്റെ ഈ മഹത്തായ പ്രവർത്തി കലാഭവൻ നിയാസ് അറിയുന്നത്. സ്വാഗത പ്രാസംഗികൻ ശിവജി ഗുരുവായൂരിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം പറഞ്ഞത്. നിയാസിനൊപ്പം ജയദേവ് കലവൂരും പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയിൽ പങ്കെടുത്ത ശേഷം സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പിലൂടെയാണ് ശിവജിയെക്കുറിച്ചുള്ള കാര്യങ്ങൾ താരം വെളിപ്പെടുത്തിയത്. വളരെ സമ്പാദ്യമുള്ളയാളൊന്നുമല്ലെന്നും വളരെ സാധാരണക്കാരനായ ആളാണ് ശിവജി ഗുരുവായൂർ എന്നത് നിയാസിനെ അദ്ഭുതപ്പെടുത്തി. 

നിയാസിന്‍റെ കുറിപ്പിങ്ങനെ,  

എന്നെ ഞെട്ടിച്ചുകളഞ്ഞ നടൻ ശിവജിചേട്ടൻ. (ശിവജി ഗുരുവായൂർ)

ശിവജി ചേട്ടന്റെ ക്ഷണം സ്വീകരിച്ച് കഴിഞ്ഞ 27ാം തീയതി ശനിയാഴ്ച ആണ് ഞാൻ ഗുരുവായൂർ മെട്രോ ലിങ്ക്സ് കുടുംബസംഗമ ഓണാഘോഷ പ്രോഗ്രാമിന് അതിഥിയായി പങ്കെടുക്കുന്നത്. കൂടെ ഞാൻ സ്വന്തം അനുജനെപ്പോലെ കാണുന്ന ജയദേവ് കലവൂരും ഉണ്ടായിരുന്നു. അല്‍പ സംസാരത്തിനു ശേഷം കൊച്ചു കോമഡി പ്രോഗ്രാം അവർക്കായി ഞങ്ങൾ അവതരിപ്പിച്ചു. വലിയ സ്വീകരണമാണ് മെട്രോ ലിങ്ക്സ് അംഗങ്ങൾ ഞങ്ങൾക്ക് നൽകിയത്. എന്നെ ഞെട്ടിച്ചത് മറ്റൊരു കാര്യമാണ്. ‘അറബിക്കഥ’ സിനിമയിലെ വില്ലനായ രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച് നമ്മളെയൊക്കെ അദ്ഭുതപ്പെടുത്തിയ മഹത്തായ നടൻ ശിവജി ഗുരുവായൂരിന്റെ മനുഷ്യത്വപരമായ ഇടപെടലുകൾ. 

സ്വാഗത പ്രാസംഗികൻ ശിവജി ചേട്ടനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിൽ പറഞ്ഞ ഒരു കാര്യം അദ്ദേഹത്തിന്റെ പരിചയത്തിലുള്ള വയോധികരായ രണ്ട് മനുഷ്യരെ ദത്തെടുത്ത കഥയാണ്. പ്രവാസിയായിരുന്ന ഒരു പാവം മനുഷ്യൻ ജീവിത സാഹചര്യങ്ങളാൽ എല്ലാം നശിച്ച് തകർന്നു പോയ പ്രായമായ ആ മനുഷ്യൻ പത്നിയുടെ കയ്യും പിടിച്ച് തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്നപ്പോൾ, ഒന്നാശ്വസിപ്പിക്കാൻ പോലും ആരോരുമില്ലാത്ത ആ രണ്ട് വയോധികരെ ചേർത്തുപിടിച്ച് സ്വന്തം വീട്ടിൽ കൊണ്ടുപോയി പാർപ്പിച്ചു. തീർന്നില്ല, സ്വന്തം പുരയിടത്തിൽ നിന്ന് നാല് സെന്റ് ഭൂമി അവർക്കായ് നീക്കി വച്ചു.

പ്രസംഗത്തിനിടെ തൊട്ടടുത്തിരുന്ന സുഹൃത്തിനോട് ഞാൻ ചോദിച്ചു. ‘ശിവജിച്ചേട്ടൻ അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള ആളാണല്ലേ’. അല്ല കാര്യമായ സമ്പാദ്യമൊന്നും അദ്ദേഹത്തിനില്ല. വളരേ സാധാരണക്കാരനായ ഒരാളാണ്. ഉള്ളതിൽ നിന്നും അദ്ദേഹം പങ്കുവയ്ക്കുന്നു അത്രേ ഉള്ളൂ. ഇക്കാര്യം ശിവാജിച്ചേട്ടനോട് സ്വകാര്യമായി ചോദിച്ചപ്പോൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ‘അണ്ണാറക്കണ്ണനും തന്നാലായത്, അത്രേ ഉള്ളൂ നിയാസ്. നാളത്തെ നമ്മുടെയൊക്കെ സ്ഥിതി എന്തായിരിക്കുമെന്ന് നമുക്കറിയില്ലല്ലോ’’ എന്ന് അദ്ദേഹം ഒറ്റവാക്കിൽ പറഞ്ഞവസാനിപ്പിച്ചു. പിന്നെ ഞാൻ മാത്രമല്ലാട്ടോ മെട്രോ ഫാമിലിയും മറ്റു പല സുഹൃത്തുക്കളും അവരോടൊപ്പമുണ്ട്. 

ഞാൻ മനസ്സിൽ മന്ത്രിച്ചു. ‘അറബിക്കഥ’ സിനിമയിൽ വില്ലനായി വന്ന് എന്നെ ചൊടിപ്പിച്ച ശിവജി ഗുരുവായൂർ എന്ന ഈ നടൻ സ്വന്തം ജീവിതം കൊണ്ട് നമ്മെ പലതും പഠിപ്പിക്കുന്ന വീരനായകനാണ്. സത്യത്തിൽ ഇവരെപോലുള്ളവരുടെ ഫാനല്ലേ നമ്മളാകേണ്ടത്. പ്രിയപ്പെട്ട ശിവജിച്ചേട്ടനും മെട്രോ ലിങ്ക്സിനും എന്റെ ബിഗ് സല്യൂട്ട്, നിറഞ്ഞ സ്നേഹം.

ENGLISH SUMMARY:

Actor Nias Backer shared a heartfelt post praising co-star Shivajji Guruvayoor, noting that the actor, famous for his villain roles, is a real-life hero. Nias revealed that the actor adopted an impoverished elderly couple and housed them, even setting aside four cents of his own land for them. Nias, who learned about this act of kindness at an Onam celebration, noted that Shivajji is an ordinary person with limited savings, making his gesture even more admirable. The post, which highlights Shivajji's deep humanity and compassion, quickly went viral.