rima-theatre

TOPICS COVERED

മീ ടൂ ആരോപണ വിധേയനായിട്ടും സംവിധായകന്‍ സജിന്‍ ബാബുവിന്‍റെ ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നിലെ കാരണം പറഞ്ഞ് റിമ കല്ലിങ്കല്‍.  മീടു തുറന്നുപറച്ചിലുകളില്‍ താന്‍ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുകയും മാപ്പ് പറയുകയും ചെയ്ത ഏക വ്യക്തി സജിന്‍ ആണെന്ന് റിമ പറ‍ഞ്ഞു. അതിജീവിത പരാതി നല്‍കാന്‍ അല്ല ആഗ്രഹിച്ചതെന്നും അദ്ദേഹം മാപ്പ് പറയണം എന്നതായിരുന്നു ആവശ്യമെന്നും റിമ പറഞ്ഞു. റിമയുടെ പുതിയ ചിത്രം തിയേറ്റര്‍; ദ മിത്ത് ഓഫ് റിയാലിറ്റി സംവിധാനം ചെയ്തിരിക്കുന്നത് സജിന്‍ ബാബുവാണ്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് റിമ മനസ് തുറന്നത്. 

'ഞാന്‍ സ്വാര്‍ത്ഥയാണ്. എനിക്ക് ഈ സിനിമ ആവശ്യമായിരുന്നു. എന്റെ പോരാട്ടങ്ങള്‍ക്കെല്ലാം ഇടയിലും ഒരു കലാകാരിയെന്ന നിലയില്‍ എനിക്ക് ജോലി ചെയ്യണം. അതായിരുന്നു എന്റെ പ്രാഥമിക കാരണം. രണ്ടാമത്തെ കാരണം, മീടു തുറന്നുപറച്ചിലുകളില്‍ താന്‍ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുകയും മാപ്പ് പറയുകയും ചെയ്ത ഏക വ്യക്തി സജിന്‍ ആണെന്നതാണ്'.

മീ ടു തുറന്നുപറച്ചിലുകളില്‍ നിന്നും നമുക്ക് മുന്നോട്ട് പോകണമെങ്കില്‍, ആദ്യം സംഭവിക്കേണ്ടത് കുറ്റാരോപിതര്‍ തെറ്റ് സമ്മതിക്കുക എന്നതാണ്. അത് ഇതുവരെ സംഭവിച്ചിട്ടില്ല. എല്ലാവരും പ്രതിരോധിക്കുകയോ ആരോപണങ്ങള്‍ തള്ളിക്കളയുകയോ ആണ് ചെയ്തിട്ടുള്ളത്. ആ സമയത്താണ് ഒരാള്‍ മുന്നോട്ട് വരികയും താന്‍ ചെയ്തത് തെറ്റാണെന്ന് പറയുകയും ചെയ്യുന്നത്. അദ്ദേഹത്തിന് മാപ്പ് നല്‍കാന്‍ ഞാന്‍ ആളല്ലെന്നും വ്യക്തമാക്കുന്നു. ഞാനല്ല ബാധിക്കപ്പെട്ടത്. അതിജീവിതയാണ് അത് തീരുമാനിക്കേണ്ടത്. ഇത് മുന്നോട്ടുള്ള ഒരു ചുവടുവെപ്പാണ്. അതിജീവിത പരാതി നല്‍കാന്‍ അല്ല ആഗ്രഹിച്ചത്. അദ്ദേഹം മാപ്പ് പറയണം എന്നായിരുന്നു. അത് സംഭവിച്ചു. എന്നാല്‍ ഇതോടെ എല്ലാ പ്രശ്‌നവും അവസാനിക്കുന്നില്ല.

അതേസമയം, സജിന്‍ മാപ്പ് പറഞ്ഞില്ലായിരുന്നുവെങ്കില്‍ സാഹചര്യം മറ്റൊന്നായേനെ. പുറമെ അറിയാത്ത പല കഥകളും എനിക്ക് അറിയാം. അവരെല്ലാവരുമായി ജോലി ചെയ്യാതിരിക്കാനുള്ള സാധ്യത എനിക്ക് ഇന്നില്ല. എനിക്ക് സ്വന്തമായൊരു ഇന്‍ഡസ്ട്രിയുണ്ടാക്കാനാകില്ല. എനിക്ക് ജോലി ചെയ്യണം, മുന്നോട്ട് പോകണം. ഞാന്‍ പവര്‍ പൊസിഷനുള്ളയാളല്ല, ഞാനും മാറ്റി നിര്‍ത്തപ്പെടുന്നവരില്‍ ഒരാളാണ്. 

ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് അധികാരമില്ല. ഒരു നിര്‍മാതാവായിരുന്നെങ്കില്‍ ഇന്ന ആളുകളുടെ കൂടെ ജോലി ചെയ്യില്ല എന്ന് എനിക്ക് പറയാനാവുമായിരുന്നു. പകരം മറ്റൊരാളെ എടുക്കാം. അഭിനേതാക്കള്‍ക്ക് ആ അധികാരം ഇല്ല. ഒരു നടിയെന്ന നിലയില്‍ ഇല്ലേയില്ല. എനിക്ക് ചില ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു എന്നെനിക്ക് അറിയാം. അതിന്റെ കുറ്റബോധവും എനിക്കുണ്ട്. പക്ഷെ ഞാന്‍ സ്വാര്‍ത്ഥയാണ്. എനിക്കും ജോലി ചെയ്യണം', റിമ കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Rima Kallingal defends acting in Sajin Babu's film despite Me Too allegations. She explains that Sajin Babu was the only person to acknowledge his mistake and apologize, and she needed the work as an artist.