Image Credit : https://x.com/EngineerSalaria
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ ഋഷികേശ് യാത്രയുടെ ചിത്രങ്ങള്‍ സൈബറിടത്ത് ശ്രദ്ധ നേടുന്നു. കോടികള്‍ പ്രതിഫലം വാങ്ങുന്ന തലൈവര്‍ രജനികാന്തിന് എങ്ങനെ ഇത്ര സിംപിളായി നടക്കാന്‍ കഴിയുന്നു എന്നാണ് ചിത്രം കണ്ട ആരാധകരുടെ ചോദ്യം. ഇന്ത്യന്‍ സിനിമാതാരങ്ങളെയെടുത്താല്‍ സിംപ്ലിസിറ്റിയുടെ കാര്യത്തില്‍ എന്നും മുന്നിലാണ് രജനികാന്ത്. വിഗ്ഗ് വയ്ക്കാതെയും മേക്കപ്പില്ലാതെയുമൊക്ക പൊതുവേദികളില്‍ താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ തികച്ചും ഒരു സാധാരണക്കാരനെപ്പോലെ വഴിയരുകില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന തലൈവര്‍ ചിത്രങ്ങള്‍ കയ്യടികള്‍ ഏറ്റുവാങ്ങുകയാണ്.
വെളള മുണ്ടും കുര്‍ത്തയും തോളിലൊരു തോര്‍ത്തും ധരിച്ചാണ് രജനിയുടെ ഋഷികേശ് യാത്ര. സിനിമാത്തിരക്കുകളില്‍ നിന്നും ഇടവേളകളെടുത്ത് ഹിമാലയത്തിലേക്ക് ആത്മീയ യാത്ര നടത്താറുണ്ട് രജനികാന്ത്. എന്നാലിത്തവണ യാത്ര സുഹൃത്തുക്കള്‍ക്കൊപ്പം ഋഷികേശിലേക്കായിരുന്നു. ഋഷികേശിലെ സ്വാമി ദയാനന്ദ ആശ്രമത്തിലും രജനികാന്ത് സന്ദർശനം നടത്തി. ഗംഗാ തീരത്ത് ധ്യാനിക്കാനും ഗംഗാ ആരതിയിൽ പങ്കെടുക്കാനും അദ്ദേഹം സമയം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇങ്ങനെയും മനുഷ്യന് സിംപിളാകാന്‍ പറ്റുമോ എന്നാണ് ആരാധകരില്‍ ചിലരുടെ ചോദ്യം. എളിമയും ലാളിത്യത്തിന്‍റെയും പ്രതീകമാണ് തലൈവരെന്നും കമന്‍റുകളുണ്ട്. പ്രമുഖ താരങ്ങളെല്ലാം രജനികാന്തിനെ കണ്ടുപഠിക്കണമെന്നും സൈബര്‍ ലോകം പറയുന്നു. അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലിയാണ് രജനികാന്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.