റിഷഭ് ഷെട്ടി ചിത്രം കാന്താരയുടെ തിയറ്റര്‍ പ്രദർശനം അവസാനിച്ചപ്പോള്‍ ഓടിയെത്തി പഞ്ചുരുളി തെയ്യം. തമിഴ്‌നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. സിനിമ കഴിഞ്ഞയുടന്‍ ഒരു ആരാധകന്‍ ഇത്തരത്തില്‍ വേഷം കെട്ടി തിയറ്ററിനുള്ളിലേക്ക് ഓടി വന്നുവെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരാധന കൊണ്ട് കാണിക്കുന്നതാണെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍, ഇതൊക്കെ സിനിമയുടെ പ്രമോഷനുവേണ്ടി മനപൂര്‍വം ചെയ്യുന്നതാണെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.
പഞ്ചുരുളി തെയ്യം തിയറ്ററിലേക്ക് ഓടി വരുന്നതിന്‍റെയും കാന്താര ചിത്രത്തിലെ ഗാനത്തിന് ചുവടുവയ്ക്കുന്നതിന്‍റെയും വിഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിനിമ കഴിഞ്ഞതിനുശേഷവും കാണികള്‍ ആരും തിയറ്റര്‍ വിട്ടുപോകാതെ പഞ്ചുരുളി തെയ്യത്തെ നോക്കി നില്‍ക്കുന്നതും വിഡിയോ പകര്‍ത്തുന്നതും വിഡിയോയില്‍ കാണാം.
ഇന്ത്യയിലെ പല തിയറ്ററുകളിലും കാന്താരയുടെ സ്‌ക്രീനിങ്ങിന് ശേഷം ഒട്ടേറെ നാടകീയ രംഗങ്ങൾ നടന്നിരുന്നു. ചിലർ തിയറ്ററിന്റെ സ്‌ക്രീനിന്റെ മുൻപിൽ കൈകൂപ്പി വണങ്ങുന്നതും, സിനിമ കാണുന്നതിനിടെ ചിലരുടെ ദേഹത്ത് ഗുളികന്‍ കയറി എന്നു പറഞ്ഞുള്ള വിഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ 235 കോടിയിലധികം നേടിയിരിക്കുകയാണ് കാന്താര. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഡൊമെസ്റ്റിക്ക് മാർക്കറ്റിൽ നിന്നും സിനിമ ഇതുവരെ നേടിയത് 161.67 കോടിയാണ്. ഇതോടെ ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പൻ സിനിമയുടെ കളക്ഷനെ കാന്താര മറികടന്നു. കേരളത്തിലും വലിയ മുന്നേറ്റമാണ് കാന്താര ഉണ്ടാക്കുന്നത്.
2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.