സെക്രട്ടേറിയറ്റിന്‍റെ നാല് ഗേറ്റും ഉപരോധിച്ച് സമരക്കാര്‍. കാഴ്ചക്കാരായി പൊലീസ്. കാണുന്നവര്‍ക്ക് ആദ്യം കൗതുകമായെങ്കിലും ആക്ഷന്‍, കട്ട് പറഞ്ഞപ്പോള്‍ സംഗതി മനസിലായി ഇത് യഥാര്‍ഥ സമരമല്ലെന്ന്. നിവിന്‍ പോളി നായകനാവുന്ന സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളിലൊന്നാണ് സെക്രട്ടേറിയറ്റ് പരിസരം.
അഴിമതി നിരത്തി സര്‍ക്കാരിനെതിരെയുള്ള പ്ലക്കാര്‍ഡ്, മുദ്രാവാക്യം, മുഖ്യമന്ത്രിയുടെ രാജി ആവശ്യം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരമുഖത്തിനുള്ള എല്ലാ ചേരുവയും സമാസമം.റോഡ് അടച്ചുള്ള സമരം തുടര്‍ന്നിട്ടും പൊലീസ് പ്രതികരിക്കാത്തതില്‍ പലര്‍ക്കും കൗതുകം. പിന്നീടല്ലേ മനസിലായത് ഇതൊരു സിനിമാക്കഥയാണ്. ചിത്രീകരണ പരിസരമാണ്. ആര്‍.ഡി.ഇല്യുമിനേഷന്‍, ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ നിവിന്‍ പോളി നായകനാവുന്ന രാഷ്ട്രീയ പ്രമേയ ചിത്രം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ച സോളര്‍ അഴിമതി വിഷയത്തില്‍ എല്‍.ഡി.എഫിന്‍റെ സെക്രട്ടേറിയറ്റ് വളയലുമായി ബന്ധമില്ലെങ്കിലും സാധാരണക്കാരെ സ്വാധീനിക്കുന്ന മുന്‍കാല കാഴ്ചകളും അനുഭവങ്ങളും സിനിമയിലുണ്ടാകുമെന്ന് സംവിധായകന്‍.
യഥാര്‍ഥ സമരക്കാതെ പ്രതിരോധിക്കുന്ന തലസ്ഥാനനഗരയിലെ പൊലീസുകാരും പ്രത്യേക അനുമതിയോടെ സിനിമാ ചിത്രീകരണത്തിന്‍റെ ഭാഗമായി. രാവിലെ തുടങ്ങി സെക്രട്ടേറിയറ്റ് പരിസരത്തെ ഗതാഗത നിയന്ത്രണം ഉള്‍പ്പെടെ ഒരു പകല്‍നീണ്ട തയാറെടുപ്പ് വേറെ. ബാലചന്ദ്രമേനോന്‍, സായ് കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഇനിയും പേരിടാത്ത ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.