മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ വീണ്ടും ഒത്തുകൂടി. പുലി തീമിലുളള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇത്തവണ താരങ്ങള്‍ എത്തിയത്. ചെന്നൈയിലായിരുന്നു ഇത്തവണത്തെ ഒത്തുചേരല്‍. ജാക്കി ഷ്രോഫ്, ജയറാം, മീന, ഖുഷ്ബു, റഹ്മാന്‍, ചിരഞ്ജീവി, വെങ്കിടേഷ്, ശോഭന എന്നിവരടക്കം 31 താരങ്ങളാണ് സംഗമത്തിനെത്തിയത്.

താരസംഗമത്തിന്‍റെ ആശയം ലിസിയുടേതാണെങ്കിലും ഒത്തുചേരലിന് ചുക്കാന്‍ പിടിക്കുന്നത് നടിയും സംവിധായികയുമായ സുഹാസിനി മണിരത്നമാണ്. ഒത്തുചേരലിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് നടിയും സംവിധായികയുമായ രേവതി പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടി. രേവതിയുടെ കുറിപ്പ് ഇങ്ങനെ..'എപ്പോഴും കാണാനാകാത്ത സുഹൃത്തുക്കളെ കണ്ടുമുട്ടിയ ഒരു സായാഹ്നം. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചവർ. 12 വർഷത്തിലേറെയായി കണ്ടുമുട്ടൽ തുടരുന്ന ഒരേയൊരു കൂട്ടായ്മ. ഒന്നിച്ച് ഇരിക്കുക എന്നത് തന്നെ സന്തോഷമാണ്. ഈ ഒരു സായാഹ്നത്തിനായി അക്ഷീണം പ്രവർത്തിച്ച ലിസി, സുഹാസിനി, പൂർണ്ണിമ, രാജ്കുമാർ, ഖുശ്ബു എന്നിവർക്ക് നന്ദി. ക്ലാസ് ഓഫ് 80'സ് റോക്ക്സ്' എന്നായിരുന്നു മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് രേവതി കുറിച്ചത്.

രാജ്‌കുമാർ സേതുപതിയുടേയും ശ്രീപ്രിയയുടെയും വീടാണ് ഇത്തവണ സംഗമത്തിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം ചെന്നൈ നഗരത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് സംഗമം മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. ആഡംബര ഹോട്ടലുകളെക്കാള്‍ മനസുതുറന്ന് സംസാരിക്കാനും സമയം ചെലവിടാനും നല്ലത് വീടാണെന്നുളളതുകൊണ്ടാണ് സംഗമത്തിന് കൂട്ടത്തിലൊരാളുടെ വീട് തിരഞ്ഞെടുത്തതെന്ന് താരങ്ങള്‍ കുറിച്ചു.

ENGLISH SUMMARY:

80s Actors Reunion: Celebrities from the 80s era came together in Chennai after a three-year gap. The reunion, organized by Suhasini Maniratnam, was a joyful occasion for the stars to reconnect and reminisce about their shared experiences.