akhil-marar-family

TOPICS COVERED

കഴിഞ്ഞ ദിവസങ്ങളിലെല്ലാം ട്രോളന്മാരുടെ ഇര നടനും സംവിധായകനുമായ അഖില്‍ മാരാരായിരുന്നു. ഒരു അഭിമുഖത്തില്‍ തന്‍റെ ജീവിതചിലവിനെ പറ്റി സംസാരിച്ചതിന് പിന്നാലെയാണ് താരം എയറിലായത്. നിലവിലെ ജീവിത ശൈലിയില്‍ മാസം ശരാശരി 3 ലക്ഷം മുതല്‍ 3.50 ലക്ഷം രൂപ വരെ ചെലവ് വരുമെന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്. പിന്നാലെയാണ് ഇത് ട്രോളായി വന്നത്. ഇപ്പോള്‍ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഖില്‍. തന്നെ എതിര്‍ക്കുന്നവര്‍ തന്‍റെ സ്ഥാനത്ത് വന്നാല്‍ അവരുടെ പ്രശ്നം തീരുമെന്നാണ് അഖിലിന്‍റെ മറുപടി. 150 രൂപ മകളുടെ അസുഖത്തിന് ഡോക്ടർ ഫീസ് നൽകാൻ കഴിയാത്ത അവസ്ഥ വന്നു, അതിദാരിദ്ര്യ അവസ്ഥയില്‍ മരണം പോലും മുന്നില്‍ കണ്ട അവസ്ഥയില്‍ നിന്നുമാണ് ഇന്നീ നിലയില്‍ താന്‍ എത്തിയതെന്നും ഫേസ്​ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ അഖില്‍ പറഞ്ഞു. 

ഫേസ്​ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

എത്രയാണ് ചേട്ടാ ഒരു മാസം അടയ്ക്കുന്ന EMI എന്നൊരു അവതാരകൻ ചോദിച്ചാൽ അതിന് സത്യസന്ധമായ മറുപടി പറയുമ്പോൾ ആ മറുപടി വാർത്ത ആയി മാറുന്നു.. ട്രോൾ ആയി മാറുന്നു.. പലർക്കും അതൊരു തള്ളായി മാറുന്നു.. നമ്മൾ മറ്റൊരാളെ എതിർക്കുന്നത് അയാൾ ആയി തീരുന്നതോടെ അവസാനിക്കും.. പാവപെട്ടവന് പണക്കാരനോടുള്ള പുച്ഛം അവസാനിക്കാൻ അവൻ പണക്കാരൻ ആയാൽ മതി.. ആരും അറിയാത്തവന് പ്രശസ്തി ഉള്ളവനെ എതിർക്കുന്നത് അവസാനിക്കാൻ അവനും പ്രശ്‌സ്തൻ ആയാൽ മതി...

ഒന്നുകിൽ നിങ്ങൾ എന്നെ പരിഹസിക്കുക അല്ലെങ്കിൽ ഞാൻ എത്തിച്ചേർന്ന അവസ്ഥയിലേക്ക് എത്തി മറ്റുള്ളവരുടെ പരിഹാസം കേൾക്കാൻ തയ്യാറാവുക.. 2017 ഷെയർ മാർക്കറ്റിൽ ഉണ്ടായ നഷ്ടം നികത്താൻ കാർഷിക വായ്പ രണ്ടര ലക്ഷം എടുത്തു.. പിന്നീട് 2018അവസാനത്തോടെ മൊബൈൽ ടവറിന് ഡീസൽ അടിക്കാൻ ഒരു പിക് അപ്പ്‌, ജീറ്റോ രണ്ട് വാഹനങ്ങൾ കടം വാങ്ങി എടുത്തു.. നാല് മാസങ്ങൾക്ക് ശേഷം കോൺട്രാക്റ്റ് നഷ്ടപ്പെട്ടു.. വരുമാനം എല്ലാം നിലച്ചു വലിയ കടത്തിൽ ആയി കിട്ടിയ വിലയ്ക് വാഹങ്ങനങ്ങൾ വിറ്റു.. കാറിന്റെ ലോൺ അടയ്ക്കാൻ പറ്റാത്ത അവസ്ഥ ആയി.. നാട്ടുകാരുടെ മുന്നിൽ വീട്ടുകാരുടെ മുന്നിൽ അഭിമാനം പണയം വെയ്ക്കാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ വന്നു തുടങ്ങി..

150 രൂപ മകളുടെ അസുഖത്തിന് ഡോക്ടർ ഫീസ് നൽകാൻ കഴിയാത്ത അവസ്ഥ വന്നു.. ഭാര്യ വീട്ടിൽ അവരുടെ ചിലവിൽ കഴിയുന്ന ഒരു ഗതിയും ഇല്ലാത്ത ഒരുവന് അവസാനം വീട് വിട്ടു ഇറങ്ങേണ്ടി വന്നു.. ആരുമില്ലാതെ ഞാൻ കാറിൽ ഇരുന്ന് കരഞ്ഞു..

വീഴാൻ ഞാൻ തയ്യാറല്ലത്തത് കൊണ്ടും എന്നെ നയിക്കാൻ ഒരു ശക്തി എനിക്കൊപ്പം ഉള്ളത് കൊണ്ടും ഞാൻ മുന്നോട്ട് പോയി..

വണ്ടിയുടെ സിസി മുടങ്ങി, മാസം 800രൂപ പലിശ അടയ്ക്കാൻ കഴിയാതെ വന്നു.. എല്ലാം നഷ്ടപ്പെട്ടു എന്ന അവസ്ഥയിൽ സിനിമയ്ക്കു തിരക്കഥ എഴുതി.. പല നിർമാതാക്കളെ കണ്ടു.. 

അവസാനം യോഹന്നാൻ സാർ ദൈവമായി അവതരിച്ചു.. അദ്ദേഹത്തിനു ഇഷ്ട്ടപെട്ട സിനിമ എഴുതണം.. അദ്ദേഹം പറയുന്ന ബഡ്ജറ്റിൽ ചെയ്യണം.. ഭാര്യയെയും മക്കളെയും അച്ഛനെയും അമ്മയെയും നാടും ഉപേക്ഷിച്ചു മരണം മാത്രം മുന്നിൽ കണ്ട് ജീവിക്കുന്ന ഞാൻ മുന്നോട്ട് പോകാനുള്ള മാർഗമായി എനിക്ക് ലഭിച്ച അവസരത്തെ കണ്ടു.. സിനിമ  പരാജയം ആയിരിക്കാം പക്ഷെ എന്റെ നിശ്ചയദാർഢ്യം, കഠിന പരിശ്രമം, പ്രതിസന്ധികൾ അതിജീവിച്ച മനസ്‌ ഇതൊന്നും ഒരിക്കലും പരാജയപ്പെട്ടിട്ടില്ല..

ഷോർട് ഫിലിം പോലും നീ എടുക്കില്ല എന്ന് പറഞ്ഞവർക്ക് മുന്നിൽ ഇന്നും പലരും ചർച്ച ചെയ്യുന്ന പലരും പറയാൻ മടിക്കുന്ന ഒരു സിനിമ ഞാൻ തീയേറ്ററിൽ എത്തിച്ചു...

വണ്ടിയുടെ സിസി അടയ്ക്കാൻ ഗതി ഇല്ലാതിരുന്ന ഞാൻ കഴിഞ്ഞ രണ്ട് വർഷമായി വാഹനങ്ങളുടെ emi അടയ്ക്കുന്നത് 1.27 ലക്ഷം രൂപയാണ്.. Emi ഇല്ലാത്ത കാറുകൾ വേറെയും ഉണ്ട്.. കാർഷിക വായ്പ രണ്ടര ലക്ഷം രൂപ പിന്നീട് റവന്യു റിക്കവറി ആയി അഞ്ചെമുക്കാൽ ലക്ഷം അടച്ചു ഞാൻ ലോൺ ക്ലോസ് ചെയ്തു.. 2013ഇൽ 8000 രൂപ പെന്റിങ് ആയി കിടന്ന മുത്തൂറ്റിന്റെ ലോൺ പിന്നീട് ഒരു ലക്ഷത്തി നാൽപതിനായിരം അവർ ആവശ്യപ്പെട്ടു.. അതും ഞാൻ ക്ലോസ് ചെയ്തു.. സിബൽ സ്കോർ ഇല്ലാത്തത് കൊണ്ട് ഒരു മൊബൈൽ പോലും വാങ്ങാൻ പറ്റാത്ത എനിക്ക് കഴിഞ്ഞ മാസം 20 ലക്ഷം പ്രീ അപ്രൂവ്ഡ് ഓഡി.. 15ലക്ഷം പേർസണൽ പ്രീ അപ്രൂവ്ഡ് ലോൺ ഒക്കെ പാസ്സായി കിടപ്പുണ്ട്..

ഹോം ലോൺ 24000( കൊച്ചിയിൽ ഒരു 3BHK ഫ്ലാറ്റ് വാങ്ങി ഫുൾ ആയി ഫർണിഷ് ചെയ്യാൻ എത്ര ആകും emi പ്രകാരം എത്ര ലോൺ ഉണ്ടെന്ന് മനസ്സിലാക്കുക ആ ലോണിൽ 5 ലക്ഷം ഫിക്സഡ് ഡിപ്പോസിറ്റുമാണ്) ഇപ്പോൾ ആകെ emi ഒന്നര ലക്ഷം

ചിട്ടി- 15000(15 ലക്ഷം) എന്റെ എല്ലാ ലോണും ആകെ മുതലിന്റെ 20% മാത്രമാണ്.. മൂന്നരലക്ഷം അല്ല പത്തു ലക്ഷം ചിലവ് വരട്ടെ അത് അടയ്ക്കാനുള്ള ശേഷി ഉണ്ടാക്കി എടുക്കാൻ ആണ് പരിശ്രമിക്കുന്നത്.. എവിടെയെങ്കിലും ആരെങ്കിലും പടച്ചു വിടുന്ന വാർത്തകളിൽ നിങ്ങൾ മനസ്സിലാക്കിയ അഖിൽ അല്ല ഞാൻ എന്ന് പ്രേക്ഷകരോട് ചോദിക്കു...അവർക്കറിയാം ഞാൻ ആരാണെന്നും എന്റെ മനസ്സിന്റെ നന്മ എന്താണെന്നും എനിക്കുള്ള കഴിവുകൾ എന്താണെന്നും.. എല്ലാവർക്കും നന്മകൾ നേരുന്നു

ENGLISH SUMMARY:

Akhil Marar, a Malayalam actor and director, recently addressed the trolls targeting him. He shared his life story and his journey to success, emphasizing his resilience and hard work.