തരുൺ മൂർത്തി സംവിധാനം ചെയ്ത് 2021 ൽ പുറത്തുവന്ന ഹിറ്റ് ചിത്രമായിരുന്നു 'ഓപ്പറേഷൻ ജാവ'. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമാണ് നേടിയത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗവുമായി എത്തുകയാണ് തരുൺ മൂർത്തി. 'ഓപ്പറേഷൻ കംബോഡിയ' എന്ന് പേരിട്ട സിനിമയിൽ പൃഥ്വിരാജ് സുകുമാരൻ ആണ് നായകനായി എത്തുന്നത്.
ലുക്മാന്‍, ബാലുവര്‍ഗീസ്, ബിനു പപ്പു, അലക്‌സാണ്ടര്‍ പ്രശാന്ത്, ഇര്‍ഷാദ് അലി എന്നിവര്‍ രണ്ടാംഭാഗത്തിലും തുടരും. തരുണ്‍ മൂര്‍ത്തി തന്നെയാണ് തിരക്കഥയും സംവിധാനവും. വി. സിനിമാസ് ഇന്റര്‍നാഷണല്‍, ദി മാനിഫെസ്റ്റേഷന്‍ സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച് വേള്‍ഡ് വൈഡ് സിനിമാസ് ആണ് ചിത്രം നിര്‍മിക്കുന്നത്.ആദ്യഭാഗത്തിന് ക്യാമറ ചലിപ്പിച്ച ഫായിസ് സിദ്ധിഖ്, സംഗീതമൊരുക്കിയ ജേക്‌സ് ബിജോയ് എന്നിവര്‍ രണ്ടാംഭാഗത്തിലും അണിയറയിലുണ്ട്. അന്തരിച്ച നിഷാദ് യൂസുഫിന് പകരമായി ഷെഫീഖ് വി.ബി. എഡിറ്റിങ് നിര്‍വഹിക്കും. തരുണ്‍ മൂര്‍ത്തിയുടെ 'തുടരും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ഷെഫീഖ്. ബിനു പപ്പു കോ- ഡയറക്ടറാണ്
നേരത്തെ, ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നെന്ന സൂചന തരുണ്‍ മൂര്‍ത്തി നല്‍കിയിരുന്നു. കഥ പൂര്‍ത്തിയായെന്നും ഓണത്തോട് അനുബന്ധിച്ച് പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പില്‍ തരുണ്‍ അറിയിച്ചിരുന്നു. ഫഹദ് ഫാസിലും നസ്ലിനും പ്രധാനവേഷങ്ങളില്‍ എത്തുന്ന ടോര്‍പ്പിഡോയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു തരുണ്‍ മൂര്‍ത്തി ചിത്രം