ലോക സിനിമയുടെ ഛായാഗ്രാഹകന്‍ നിമിഷ് രവിക്ക് ഒമേഗയുടെ 9,81,800 രൂപ വിലയുള്ള സ്പീഡ്മാസ്റ്റര്‍ 57 മോഡല്‍ വാച്ച് സമ്മാനമായി നല്‍കി കല്യാണി പ്രിയദര്‍ശന്‍. വാച്ച് വാങ്ങിയ ശേഷം കല്യാണിക്ക് നന്ദി അറിയിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റും നിമിഷ് രവി പങ്കുവെച്ചിട്ടുണ്ട്. 'പ്രിയ കല്യാണി, നിങ്ങളുടെ മഹാമനസ്‌കതയാണിത്, നന്ദി, നിരന്തരമായ കഠിനാധ്വാനം നല്ല കാര്യങ്ങള്‍ക്ക് കാരണമാകുമെന്ന് ഇത് എന്നെ ഓര്‍മ്മിപ്പിക്കുന്നു. ലോക സിനിമയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരും അതിനുള്ള ഒരു ഓര്‍മപ്പെടുത്തലാണ്. നിമിഷ് രവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സ്വിസ് കമ്പനിയായ ഒമേഗയുടെ അത്യാഡംബര വാച്ചാണ് കല്യാണി സമ്മാനമായി നിമിഷ് രവിക്ക് നല്‍കിയിരിക്കുന്നത്. 40.5 എംഎം ഡയല്‍, ലെതര്‍ സ്ട്രാപ്പ് എന്നിവയാണ് വാച്ചിന്‍റെ സവിശേഷതകള്‍. അതേസമയം, മലയാള സിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര'.
35 ദിവസം കൊണ്ട് 1 കോടി 18 ലക്ഷം പ്രേക്ഷകരാണ് ചിത്രം ആഗോള തലത്തിൽ കണ്ടത്. 21-ാം നൂറ്റാണ്ടില്‍ ഏറ്റവും അധികം പ്രേക്ഷകര്‍ കണ്ട ചിത്രമായി ഇതോടെ 'ലോക' മാറി. കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രം ആദ്യമായി 50,000 ഷോകൾ പിന്നിടുന്ന ചിത്രം എന്ന റെക്കോര്‍ഡും ചിത്രത്തിനുണ്ട്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാമത്തെ ചിത്രമായ 'ലോക' 290 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി കുതിപ്പ് തുടരുകയാണ്.
കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ സ്വന്തമാക്കിയ മലയാള ചിത്രമായും 'ലോക' മാറി.