ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ലോക ചാപ്റ്റർ 1: ചന്ദ്ര തിയറ്ററുകളിൽ വിജയപ്രദർശനം തുടരുകയാണ്. സംവിധായകൻ വിനയൻ കഴിഞ്ഞ ദിവസം ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചിരുന്നു.
'ലോക സിനിമ ഞാൻ കണ്ടു, ഞാൻ മനസിൽ വച്ചിരുന്ന കഥയാണ് അടിച്ചോണ്ട് പോയത്: വിനയൻ' എന്ന തലക്കെട്ടോടെയാണ് മിക്ക മാധ്യമങ്ങളും വാര്‍ത്തകള്‍ നല്‍കിയത്. പിന്നാലെ വിനയനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ. താന്‍ പറഞ്ഞ കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് വിനയന്‍.
താനൊരിക്കലും ലോകയ്ക്കെതിരെ സംസാരിച്ചിട്ടില്ലെന്നും ചിത്രത്തെ അഭിനന്ദിക്കുകയാണ് ചെയ്തതെന്നും വിനയന്‍ പറയുന്നു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനയന്‍റെ പ്രതികരണം.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
'ഓൺലൈൻ മാധ്യമത്തിൽ വന്ന ഈ വാർത്ത കണ്ടവരിൽ ചിലരെങ്കിലും സൂപ്പർഹിറ്റ് ചിത്രമായ ലോകയ്ക്കെതിരെ ഞാൻ സംസാരിച്ചതായി വിചാരിച്ചേക്കാം.. ലോകയുടെ കൺസപ്റ്റിനെ അഭിനന്ദിക്കുകയാണ് ഞാൻ ചെയ്തത്.. പുതിയ കാലത്തെ സിനിമ ഇതുപോലെ ആകണമെന്നും, ഇതുപോലൊരു ഹൊറർ സ്റ്റോറിയുടെ ത്രെഡ് എന്റെ മനസ്സിലും ഉണ്ടായിരുന്നു എന്നും പറയുന്നത് മോശമായി കരുതേണ്ട. മനസ്സിലുള്ളത് അടിച്ചോണ്ടു പോകുന്നത് മോഷണമല്ലല്ലോ..ലോകയുടെ ശില്പികൾക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ
ലോക കണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് 'ഞാന്‍ മനസില്‍വെച്ചിരുന്ന കഥയല്ലേ അടിച്ചോണ്ടുപോയത്', എന്ന് അദ്ദേഹം തമാശരൂപേണ മറുപടി നൽകുകയായിരുന്നു. ലോകയുടെ വിജയത്തില്‍ സന്തോഷമുണ്ട്. ലോക പോലെയുള്ള സിനിമകളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത്. പഴയകാലത്തെ ഹൊറര്‍ കണ്‍സെപ്റ്റ് മാറി. ഇങ്ങനെ ഒരെണ്ണം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പ്രത്യേകിച്ച്, പെണ്‍കുട്ടികളെവെച്ച് ചെയ്യുമ്പോള്‍ സൂപ്പര്‍ സ്റ്റാറുകളുടെ പുറകേ പോവാതെ ചെയ്യാന്‍ പറ്റും. അതിലിപ്പോള്‍ ഒരെണ്ണം അടിച്ചുമാറ്റി കഴിഞ്ഞു. ഞാന്‍ ഇനി വേറൊരെണ്ണമുണ്ടാക്കും. എന്റെ മനസില്‍ ഞാന്‍ കണ്ടിരുന്നതു പോലെയൊരു സബ്ജക്റ്റാണ് ലോക' എന്നാണ് വിനയന്‍ ഒരു മാധ്യമത്തിന് നല്‍കിയിരുന്ന മറുപടി.