lokah

'ലോക ചാപ്റ്റർ 2' പ്രഖ്യാപന വീഡിയോക്ക് യൂട്യൂബിൽ 5 മില്യൺ കാഴ്ചക്കാർ. ചിത്രത്തില്‍ നായകനായി എത്തുന്ന ടൊവിനോ തോമസും അതിഥി വേഷത്തിലെത്തുന്ന ദുൽഖർ സൽമാനും ഉൾപ്പെട്ട രസകരമായ സംഭാഷണ രംഗത്തിലൂടെയാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. കല്യാണി പ്രിയദർശൻ, ന‍സ്‍ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ലോക ചാപ്റ്റർ വൺ ചന്ദ്ര' മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു. ഡൊമിനിക് അരുൺ എഴുതി സംവിധാനം ചെയ്ത ചിത്രം അഞ്ചു ഭാഗങ്ങളുള്ള ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായിരുന്നു.

ഈ യൂണിവേഴ്സിലെ രണ്ടാം ചിത്രമാണ് ടൊവിനോ തോമസ് നായകനാവുന്ന 'ലോക ചാപ്റ്റർ 2'. ആദ്യ ഭാഗത്തിൽ മൈക്കൽ എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് ടൊവിനോ അഭിനയിച്ചത്. ചാത്തൻ എന്ന ഐതിഹ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടൊവിനോയുടെ മൈക്കൽ എന്ന കഥാപാത്രത്തെ ഈ യൂണിവേഴ്സിൽ സൃഷ്ടിച്ചിരിക്കുന്നത്. ചാർളി എന്ന കഥാപാത്രമായാണ് ദുൽഖർ ആദ്യ ഭാഗത്തിൽ അതിഥി താരമായി എത്തിയത്. ഒടിയൻ എന്ന ആതിഥ്യ കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് ചാർളിയെ സൃഷ്ടിച്ചത്. മൂത്തോൻ എന്ന് വിളിക്കപ്പെടുന്ന കഥാപാത്രമായി മമ്മൂട്ടിയും ഈ സിനിമാറ്റിക് യൂണിവേഴ്സിലെ ശ്കതമായ ഒരു സാന്നിധ്യമായി എത്തും. 

അഞ്ചാം ആഴ്ചയും 275 സ്‌ക്രീനിൽ നിറഞ്ഞു പ്രദർശിപ്പിക്കുന്ന 'ലോക ചാപ്റ്റർ 1: ചന്ദ്ര' 280 കോടി നേടിയാണ് കുതിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി പാൻ ഇന്ത്യൻ ഹിറ്റായ ചിത്രം ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന മലയാള ചിത്രം കൂടിയായി മാറി. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണ് ഈ ചിത്രം ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രം കേരളത്തിൽ വിതരണം ചെയ്തതും വേഫറെർ ഫിലിംസ് ആണ്.

ENGLISH SUMMARY:

Loka Chapter 2 is generating significant buzz with its announcement video reaching 5 million views on YouTube. The film, produced by Wayfarer Films and starring Tovino Thomas, is the second installment in a fantasy cinematic universe and follows the blockbuster success of 'Loka Chapter 1: Chandra'.