കരൂര്‍ ദുരന്തത്തിന്റെ ഞെട്ടലിലാണ് തമിഴ്നാട് ഒന്നാകെ, നടനും ടിവികെ പാര്‍ട്ടി നേതാവുമായ വിജയ് നടത്തിയ റാലിയിലെ തിക്കിലും തിരക്കിലും പൊലിഞ്ഞത് 41 ജീവനുകളാണ്. നൂറിലധികം പേര്‍ പരുക്ക് പറ്റി ഇപ്പോഴും ചികിത്സയില്‍ കഴിയുന്നുണ്ട്. താരത്തിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് ക്യാംപെയ്‌നും സജീവമാണ്.
ഈ വിവാദങ്ങള്‍ക്കിടെയാണ് നടി കയാദു ലോഹറിന്റെ പേരും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കരൂര്‍ ദുരന്തത്തില്‍ കയാദുവിന്റെ പ്രതികരണം എന്ന തരത്തിലായിരുന്നു പ്രചരിക്കപ്പെട്ട പോസ്റ്റ്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കയാദുവും ടിവികെ പാര്‍ട്ടിയുടെ പതാകയുമായിരുന്നു പോസ്റ്റിലുണ്ടായിരുന്നു. ഇതിനോടകം തന്നെ ഒരു മില്യണിലധികം വ്യൂസ് നേടിയിട്ടുണ്ട് നടിയുടെ പേരിലുള്ള പോസ്റ്റ്.
'ജീവിതം നഷ്ടമായവര്‍ക്കും അവരുടെ കുടുംബത്തിനും എന്റെ അനുശോചനം അറിയിക്കുന്നു. കരൂര്‍ റാലിയില്‍ വച്ച് എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളെ നഷ്ടമായി. വിജയ്, നിങ്ങളുടെ സ്റ്റാര്‍ഡം വളർത്താനുള്ള വസ്തുക്കളല്ല ജനങ്ങള്‍. ഇനിയും എത്ര ജീവന്‍ പോയാലാണ് നിങ്ങളുടെ വിശപ്പ് അടങ്ങുക' എന്ന് കയാദു പറഞ്ഞുവെന്നായിരുന്നു വൈറലായ പോസ്റ്റിലുണ്ടായിരുന്നത്.
എന്നാല്‍ ഈ പ്രസ്താവന കയാദുവിന്റേതല്ല. തന്റെ പേരിലുള്ള വ്യാജ പ്രചരണത്തിനെതിരെ നടി കയാദു ലോഹര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് കയാദു വാര്‍ത്തകളോട് പ്രതികരിച്ചത്. ‘എന്റെ പേരില്‍ പ്രചരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ട് എന്റേതല്ല. എനിക്ക് അതുമായി യാതൊരു ബന്ധവുമില്ല. അത് എന്റെ പ്രസ്താവനയുമല്ല. കരൂര്‍ റാലിയിലുണ്ടായ ദുരന്തത്തില്‍ എനിക്ക് അതിയായ ദുഖമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടുള്ള അനുശോചനം അറിയിക്കുന്നു’ എന്നായിരുന്നു കയാദുവിന്റെ പ്രതികരണം.
എന്റെ പേരില്‍ പ്രചരിക്കുന്നത് അസത്യമാണ്. പ്രചരിക്കപ്പെടുന്ന തെറ്റായ വിവരങ്ങള്‍ വിശ്വസിക്കരുത്. ഒരിക്കല്‍ കൂടെ പറയുന്നു, വേണ്ടപ്പെട്ടവരെ നഷ്ടമായ കുടുംബങ്ങള്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നും താരം പറയുന്നു.